Advertisement

അഴിമതിവീരന് കുടപിടക്കാന്‍ ഭരണത്തലവന്‍: കെ.സുധാകരന്‍

February 7, 2022
2 minutes Read

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കാഴ്ചക്കാരായി മാറിയ സിപിഐയുടെ അവസ്ഥയും പരിതാപകരം. ബിജെപി നേതാവിനെ സ്റ്റാഫില്‍ നിയമിച്ച് ആര്‍എസ്എസിന്റെ കാര്യാലയമായി രാജ്ഭവനെ മാറ്റാനാള്ള നീക്കം കേരളം ഞെട്ടലോടെയാണു കാണുന്നതെന്നു സുധാകരന്‍ പറഞ്ഞു.
സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിലനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. നിയമഭേദഗതിയുടെ പ്രസക്തി നഷ്ടപ്പെട്ട ലോകായുക്തയെ പിരിച്ചുവിടുന്നതാണ് ഉചിതം.
കടിക്കാന്‍പോയിട്ട് കുരയ്ക്കാന്‍ പോലും ശക്തിയില്ലാത്ത പുതിയ സംവിധാനത്തില്‍ തുടരണോയെന്ന് ആദരണീയരായ ജഡ്ജിമാര്‍ ചിന്തിക്കണം. പഠനം ചെയ്തും മനനം ചെയ്തും പുറപ്പെടുവിക്കുന്ന വിധികള്‍ ഭരണാധികാരികള്‍ ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുന്ന പുതിയ സാഹചര്യമാണ് ഉരുത്തിരിയുന്നത്. ആത്മാഭിമാനത്തോടെ അവിടെ ജോലി ചെയ്യാന്‍ ഇനിയാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. നീര്‍ജ്ജീവവും ആത്മാവില്ലാത്തതുമായ ലോകായുക്തയെ കേരളത്തിന് ആവശ്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ നിയമസഭയെ മുഖ്യമന്ത്രിയും പാര്‍ലമെന്റിനെ പ്രധാനമന്ത്രിയും നോക്കുകുത്തിയാക്കി. ഫാസിസ്റ്റ് ഭരണത്തിന്റെ മുഖങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാറി. ജനാധിപത്യ ധര്‍മ്മങ്ങളെയും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കാറ്റില്‍പ്പറത്തുന്ന ഏകാധിപത്യ ഭരണമാണ് കേരളത്തിലും കേന്ദ്രത്തിലും ഇപ്പോഴുള്ളത്. രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചത് പോലെ ഇത് രാജഭരണമല്ല, ജനകീയഭരണമാണെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. രാഹുല്‍ ഗാന്ധിയുടെ അതേആശങ്ക കേരളത്തില്‍ കോണ്‍ഗ്രസ് പങ്കുവയ്ക്കുകയാണ്.
കണ്ണൂര്‍ വൈസ് ചാന്‍സലറുടെ നിയമനം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധവും ഭരണഘാടനാവിരുദ്ധവുമായ നടപടികള്‍ക്ക് ഗവര്‍ണര്‍ കുടപിടിക്കുകയാണ്. ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കേണ്ട രാജ്ഭവന്‍ കൊടുക്കല്‍ വാങ്ങല്‍ കേന്ദ്രമായി മാറി.
രാജ്ഭവന്‍ കേരളത്തിലെ ജനാധിപത്യ മതേതരവിശ്വാസികള്‍ക്ക് ആദരവിന്റെയും ബഹുമാനത്തിന്റെയും പ്രതീക്ഷയുടെയും ആസ്ഥാനമാണ്. അതിന്റെ പവിത്രതയും അന്തസും ഗവര്‍ണറുടെ ഈ നടപടിയോടെ നഷ്ടപ്പെട്ടു. ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗത്തെ നിയമിക്കണമെന്ന നിര്‍ദ്ദേശിച്ച് രാജ്ഭവനില്‍ നിന്നെത്തിയ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന മാധ്യമ വാര്‍ത്ത ഇതോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്നു തോന്നും.
എല്‍ഡിഎഫിന്റെ അഴിമതിവിരുദ്ധ നിലപാടിനെ തുറിച്ചുനോക്കുന്നതാണ് ഓര്‍ഡിനന്‍സ് എന്നു വിലപിക്കുയല്ല, മുന്നണിയിലെ രണ്ടാം കക്ഷി എന്ന നിലിയിലുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുകയാണു സിപിഐ ചെയ്യേണ്ടത്. സിപിഐയുടെ പ്രസ്‌ക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്നു.
നട്ടെല്ലുള്ള ആരെങ്കിലും സിപിഐയില്‍ ഉണ്ടെങ്കില്‍ അവരുടെ രാഷ്ട്രീയ വ്യക്തിത്വം തിരിച്ചെടുക്കാന്‍ പോരാടണം. ജനാധിപത്യകേരളം സിപിഐയില്‍ നിന്നും പ്രതീക്ഷിക്കുന്നത് അതാണ്. വല്യേട്ടനു മുന്നില്‍ വളയുന്നതിനു പകരം ഇഴയുന്ന അവസ്ഥയിലാണ് ഇപ്പോള്‍ സിപിഐ എന്നും സുധാകരന്‍ പരിഹസിച്ചു.

Story Highlights: K Sudhakaran against the Chief Minister and the Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top