പറവൂരില്‍ ആത്മഹത്യ ചെയ്ത സജീവന്റെ ഭൂമി ഒടുവില്‍ തരംമാറ്റി നല്‍കി

ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പറവൂരിലെ മത്സ്യത്തൊഴിലാളി സജീവന്റെ കുടുംബത്തിന് ഒടുവില്‍ നീതി. സജീവന്റെ ഭൂമി റവന്യു വകുപ്പ് തരംമാറ്റി നല്‍കി. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് സജീവന്റെ വീട്ടിലെത്തി രേഖകള്‍ കൈമാറി.
സജീവന്റെ കുടുംബത്തിന് സംഭവിച്ച നഷ്ടത്തില്‍ ദുഖമുണ്ടെന്ന് കളക്ടര്‍ പ്രതികരിച്ചു. സജീവന്റെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അല്‍പസമയം ചിലവഴിച്ചാണ് കളക്ടര്‍ മടങ്ങിയത്. തങ്ങളുടെ പിതാവിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുന്നത് വരെ പോരാട്ടം തുടരുമെന്ന് സജീവന്റെ മകന്‍ പറഞ്ഞു.
സജീവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മിഷണര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു. ഉദ്യോഗസ്ഥരെ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ, പറവൂര്‍ താലൂക്ക് ഓഫിസര്‍, മൂത്തകുന്നം വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കമ്മിഷണര്‍ സജീവന്റെ കുടുംബാംഗങ്ങളുടെയും ഭാഗം കേട്ടു.
Read Also : ഭൂമി തരം മാറ്റൽ; അപേക്ഷകൾ വേഗത്തിൽ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സജീവന്റെ കുടുംബം റവന്യുമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഭൂമി തരം മാറ്റലിന് സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ കുടുംബത്തിന് ഉറപ്പുനല്‍കി. കേരളത്തില്‍ ഇങ്ങനെയൊരു കാര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മന്ത്രി വിമര്‍ശിച്ചു.
Story Highlights: land reclassification, sajeevan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here