രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ മറുപടി പറയും. കഴിഞ്ഞ ദിവസം ലോക്സഭയിൽ നൽകിയ മറുപടിയിൽ കോൺഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചിരുന്നു. (narendra modi reply president)
ലോക്സഭയിൽ ബജറ്റിൽ മേലുള്ള ചർച്ച ആരംഭിച്ചു. കോൺഗ്രസ് അംഗം ശശി തരൂർ ചർച്ച തുടങ്ങി വെച്ചു. ചർച്ചയിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ സന്നിഹിതയാകാതിരുന്നതിനെ തുടർന്ന് കോൺഗ്രസ് ലോക്സഭയിൽ നിന്ന് വാക്കൗട്ട് നടത്തി. ലോക്സഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടരും.
കനത്ത നഷ്ടങ്ങൾ ഉണ്ടായിട്ടും പല തിരിച്ചടികളും കിട്ടിയിട്ടും കോൺഗ്രസ് ധിക്കാരം വിടാൻ തയാറാകുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തിയിരുന്നു. കൊവിഡ് കാലത്തുപോലും കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചതെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു. സാധാരണക്കാരുമായി കോൺഗ്രസിന് യാതൊരുവിധ ബന്ധവുമില്ല. രാഷ്ട്രീയ അന്ധതയിൽ കോൺഗ്രസ് ജനാധിപത്യ മര്യാദകൾ മറന്നെന്നും ജനാധിപത്യ വ്യവസ്ഥയെ അപമാനിക്കുകയാണെന്നും മോദി വിമർശിച്ചു.
Read Also : ‘തിരിച്ചടികള്‍ കിട്ടിയിട്ടും ധിക്കാരം വിടാന്‍ തയാറല്ല’; പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി
ചിലർ 2014ൽ നിന്ന് ഇപ്പോഴും തിരിച്ചെത്തിയിട്ടില്ലെന്ന പരിഹാസത്തോടെയാണ് മോദി കോൺഗ്രസിന് നേരെ ആഞ്ഞടിച്ചത്. രാഹുൽ ഗാന്ധി സഭയിലില്ലെന്ന് ഉയർത്തിക്കാട്ടിയും പ്രധാനമന്ത്രി വിമർശനം തുടരുകയായിരുന്നു. വിമർശനം ജനാധിപത്യ വ്യവസ്ഥയിലെ ഒരു രത്നമാണ്. പക്ഷേ അന്ധമായ വിമർശനം ജനാധിപത്യത്തെ അപമാനിക്കലാണെന്നും മോദി സൂചിപ്പിച്ചു. കൊവിഡ് കാലത്ത് സർക്കാരിനുനേരെ കോൺഗ്രസ് ഉയർത്തിയ വിമർശനം സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശങ്ങൾ. രണ്ട് വർഷക്കാലമായി രാജ്യം കൊവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുകയാണ്. 80 ശതമാനത്തിലധികം പേരെ വാക്സിനേറ്റ് ചെയ്യാൻ സാധിച്ചു. ഈ നേട്ടങ്ങളെ ഒന്നും കണക്കിലെടുക്കാതെ കോൺഗ്രസ് മഹാമാരിക്കാലത്തും രാഷ്ട്രീയം മാത്രം കളിക്കുകയായിരുന്നെന്നും മോദി വിമർശിച്ചു.
Story Highlights: narendra modi reply president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here