Advertisement

‘നെഹ്‌റു സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രം വേവലാതിപ്പെട്ടിരുന്നയാള്‍’; കോണ്‍ഗ്രസിനെതിരെ രാജ്യസഭയിലും വിമര്‍ശനം തുടര്‍ന്ന് മോദി

February 8, 2022
Google News 1 minute Read

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ രാജ്യസഭയിലും ആവര്‍ത്തിച്ച് പ്രധാനമന്ത്രി. ഗോവയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കേണ്ടിയിരുന്ന ചരിത്ര ഘട്ടത്തില്‍ നെഹ്‌റു സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടാണ് പെരുമാറിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു. ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഹൈദരാബാദിലും ജുനഗഡിലും സ്വീകരിച്ച നയങ്ങള്‍ ഗോവയിലും സ്വീകരിക്കാനായെങ്കില്‍ ഗോവയുടെ സ്വാതന്ത്ര്യത്തിനായി 15 വര്‍ഷക്കാലം കാത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത് ജാതിവ്യവസ്ഥ ഇത്രയധികം പ്രബലമാകില്ലെന്ന വിമര്‍ശനവും പ്രധാനമന്ത്രി സഭയില്‍ ഉയര്‍ത്തി. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടില്ലായിരുന്നു. ഇങ്ങനെയൊരു പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ പഞ്ചാബ് തീവ്രവാദ ഭീഷണിയാല്‍ വെന്തുരുകില്ലായിരുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് ഭരണപക്ഷത്തുവന്നാലും പ്രതിപക്ഷത്തായാലും കോണ്‍ഗ്രസ് ഭീഷണിയാണെന്ന തരത്തില്‍ കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്.

കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസത്തിന്റെ തത്വങ്ങളെ മാനിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി രാജ്യസഭയിലും മറുപടി പറഞ്ഞു. ഭരണത്തിന്റെ സൗകര്യത്തിനായാണ് രാജ്യത്തെ സംസ്ഥാനങ്ങളായി തരംതിരിച്ചിരിക്കുന്നതെന്നും ഫെഡറലിസമെന്തെന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസ് അംബേദ്കറിനെ വായിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ലോകത്തിന് മാതൃകയായെന്നും പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു. ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തെ ലോകം വാഴ്ത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കേവലം ഒരു പാര്‍ട്ടി മാത്രമല്ലെന്നും രാജ്യം മൊത്തം ഒറ്റക്കെട്ടായി പരിശ്രമിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്‌സഭയിലും കോണ്‍ഗ്രസിനെതിരെ ഇന്നലെ അതിരൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചിരുന്നത്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്തിനെതിരെ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് ഇപ്പോഴും തുടരുന്നതെന്ന് പ്രധാനമന്ത്രി ആരോപിക്കുകയായിരുന്നു. സാധനങ്ങളുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് വിമര്‍ശനമുയര്‍ന്ന ഘട്ടത്തില്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് മോദി അതിനെ പ്രതിരോധിച്ചത്. കൊറിയയില്‍ യുദ്ധമുണ്ടായതിനാലാണ് ഇന്ത്യയില്‍ സാധനങ്ങള്‍ക്ക് വിലക്കൂടിയതെന്ന് ചെങ്കോട്ടയിലെ ഒരു പ്രസംഗത്തില്‍ നെഹ്റു പറഞ്ഞെന്നാണ് മോദി ചൂണ്ടിക്കാട്ടിയത്. വിലക്കയറ്റമുണ്ടായപ്പോള്‍ കൊറിയയുടെ ഉദാഹരണം പറഞ്ഞാണ് ആദ്യത്തെ പ്രധാനമന്ത്രി അതിനെ ന്യായീകരിച്ചത്. ആഗോളവത്ക്കരണത്തിനും മുന്‍പാണ് ഈ വിശദീകരണം എന്നോര്‍ക്കണം. വിലക്കയറ്റമുണ്ടാകുമ്പോള്‍ തങ്ങള്‍ ഇത്തരം ന്യായീകരണങ്ങള്‍ നല്‍കാനല്ല ഉദ്ദേശിക്കുന്നതെന്നും മോദി ഇന്നലെ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയെയും പാര്‍ലമെന്റില്‍ രൂക്ഷമായ ഭാഷയിലാണ് ഇന്നലെ പ്രധാനമന്ത്രി വിമര്‍ശിച്ചത്. കനത്ത നഷ്ടങ്ങള്‍ ഉണ്ടായിട്ടും പല തിരിച്ചടികളും കിട്ടിയിട്ടും കോണ്‍ഗ്രസ് ധിക്കാരം വിടാന്‍ തയാറാകുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. കൊവിഡ് കാലത്തുപോലും കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചതെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു. സാധാരണക്കാരുമായി കോണ്‍ഗ്രസിന് യാതൊരുവിധ ബന്ധവുമില്ല. രാഷ്ട്രീയ അന്ധതയില്‍ കോണ്‍ഗ്രസ് ജനാധിപത്യ മര്യാദകള്‍ മറന്നെന്നും ജനാധിപത്യ വ്യവസ്ഥയെ അപമാനിക്കുകയാണെന്നും മോദി വിമര്‍ശിക്കുകയായിരുന്നു.

Story Highlights: pm modi against congress and nehru in rajyasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here