Advertisement

ലോകായുക്ത ഭേദഗതി: സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

February 8, 2022
Google News 2 minutes Read

ലോകായുക്ത ഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തോട് സി പി ഐ ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദന്‍. ഭേദഗതി വിഷയത്തില്‍ സി പി ഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. സി പി ഐ മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട മന്ത്രിസഭയില്‍ വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചതെന്ന് എം വി ഗോവിന്ദന്‍ വിശദീകരിച്ചു. ലോകായുക്ത നിയമ ഭേദഗതി സി പി ഐ മന്ത്രിമാര്‍ക്ക് അറിയാത്ത് കാര്യമല്ല. മന്ത്രിസഭ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ട് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായെങ്കിലും ലോകായുക്ത നിയമഭേദഗതിയില്‍ തര്‍ക്കങ്ങള്‍ ഉടന്‍ അവസാനിക്കാത്ത അവസ്ഥയാണ് നിലവില്‍ സര്‍ക്കാരിന് മുന്നിലുള്ളത്. പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ടു വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാത്തതില്‍ കടുത്ത നീരസത്തിലാണ് സി പി ഐ. ഓര്‍ഡിനന്‍സ് നിയമസഭയില്‍ വരുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ സി പി ഐ എതിര്‍പ്പ് പ്രകടിപ്പിക്കുമോയെന്ന ആശങ്ക സിപിഐഎമ്മിനുണ്ട്. ഈ സാഹചര്യമൊഴിവാക്കാന്‍ സി പി ഐയുമായി ഉടന്‍ ചര്‍ച്ച നടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. അഭിപ്രായ ഭിന്നത് പരിഹരിക്കാന്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് ഇപ്പോള്‍ മന്ത്രി സ്ഥിരീകരിച്ചിരിക്കുന്നത്.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം.ഇത് സര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്ന നടപടി ആണ്. എങ്കിലും ഭേദഗതിക്കെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇപ്പോഴും രംഗത്തുണ്ട്.

Story Highlights: will discuss lokayuktha matter with cpi says mv govingan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here