ദാരിദ്ര്യത്തെയും വിലക്കയറ്റത്തെയും കുറിച്ചല്ല, അയോധ്യയെയും കാശിയെയും കുറിച്ചാണ് ബിജെപി ചർച്ച ചെയ്യുന്നത്; ലാലു പ്രസാദ് യാദവ്

നരേന്ദ്ര മോദി ഭരണത്തിൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുകയാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കർണാടകയിലെ ഹിജാബ് സംഘർഷങ്ങളെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ദാരിദ്ര്യത്തെയും വിലക്കയറ്റത്തെയും കുറിച്ചല്ല അയോധ്യയെയും കാശിയെയും കുറിച്ചാണ് ബിജെപി ചർച്ച ചെയ്യുന്നതെന്നും ലാലു കുറ്റപ്പെടുത്തി.
വ്യാഴാഴ്ച ചേരുന്ന ആർജെഡി ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാനാണ് ലാലു പട്നയിൽ തിരിച്ചെത്തിയത്. കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിൽ 15ന് കോടതി വിധി വരാനിരിക്കെയാണ് ആർജെഡി ദേശീയ നിർവാഹക സമിതി യോഗം ചേരുന്നത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിയുമ്പോഴേക്കും ജനങ്ങൾ വീണ്ടും അടിമത്തത്തിലായോയെന്ന് സംശയിക്കേണ്ട സ്ഥിതിയാണ്. ബ്രിട്ടീഷുകാർ ബിജെപിയുടെ രൂപത്തിൽ തിരിച്ചെത്തിയെന്ന് ലാലു പരിഹസിച്ചു. പാർട്ടി അധ്യക്ഷ സ്ഥാനം തേജസ്വി യാദവിനു കൈമാറുമെന്ന കൈമാറുമെന്ന അഭ്യൂഹങ്ങൾ ലാലു തള്ളിക്കളഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നിയമ വിലക്ക് മാറിയാൽ ലോക്സഭയിലേക്കു മത്സരിക്കാൻ താത്‌പര്യമുണ്ടെന്നു ലാലു വെളിപ്പെടുത്തി. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ലാലുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായത്.
Story Highlights: country-heading-towards-a-civil-war-under-modi-says-lalu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here