Advertisement

ഇന്ത്യന്‍-അമേരിക്കന്‍ യുവ ശാസ്ത്രജ്ഞ ഗീതാഞ്ജലി റാവുവിനൊപ്പം ശാസ്ത്രലോകത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും ദിനം ആഘോഷിക്കാന്‍ അവസരം

February 9, 2022
5 minutes Read

ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യു.എസ് കോണ്‍സുലേറ്റുകളുടെ സഹകരണത്തോടെ ചെന്നൈയിലെ യു.എസ് കോണ്‍സുലേറ്റ് ജനറല്‍ ഫെബ്രുവരി 11ന് വൈകിട്ട് 6.45ന് ശാസ്ത്രലോകത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും ആഗോള ദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍-അമേരിക്കന്‍ യുവ ശാസ്ത്രജ്ഞ ഗീതാഞ്ജലി റാവു ചടങ്ങില്‍ പങ്കെടുക്കുന്നുവെന്നുള്ളതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. (Gitanjali Rao)

ഇന്ത്യയിലെ യു.എസ് മിഷന്‍ നടത്തുന്ന ”ഡയസ്‌പോറ ഡിപ്ലോമസി” പരമ്പരയിലെ ആറാമത്തെ പരിപാടിയാണ് ഈ വെര്‍ച്വല്‍ പ്രോഗ്രാം. അമേരിക്കന്‍ ചലച്ചിത്ര നയതന്ത്ര പ്രോഗ്രാമായ ”അമേരിക്കന്‍ ഫിലിം ഷോകേസ് ” മുഖേനെ ”സെര്‍ച്ച് ഓണ്‍: പോസിറ്റീവ് കറന്റ്” എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചലച്ചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. ഗീതാഞ്ജലിയുടെ കണ്ടുപിടുത്തങ്ങളിലൊന്നായ ജലത്തിലെ ഈയ മലിനീകരണം തിരിച്ചറിയാന്‍ കഴിയുന്ന മൊബൈല്‍ ഉപകരണത്തെക്കുറിച്ചുള്ളതാണ് ഈ ഹ്രസ്വ ചിത്രം.

Read Also : ഹിജാബോ ബിക്കിനിയോ ആകട്ടെ, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കാണ്: പ്രിയങ്കാ ഗാന്ധി

വൈ വേസ്റ്റ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകയും ‘വാട്ടര്‍ ഗേള്‍ ഓഫ് ഇന്ത്യ’ എന്ന പേരിലറിയപ്പെടുകയും ചെയ്യുന്ന ബംഗളൂരുവിലെ പരിസ്ഥിതി പ്രവര്‍ത്തക ഗര്‍വിത ഗുല്‍ഹാത്തിയാണ് പരിപാടിയില്‍ ഗീതാഞ്ജലിയെ അഭിമുഖം ചെയ്യുക. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ താല്‍പര്യമുള്ള ഗീതാഞ്ജലിയുടെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ച് കൂടുതല്‍ അറിവ് ലഭ്യമാക്കുന്നതായിരിക്കും ഈ അഭിമുഖം. ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള യുവാക്കള്‍ക്കായി നടത്തുന്ന സ്റ്റെം വര്‍ക്ക് ഷോപ്പുകളും നൂതനാശയങ്ങളും കണക്കിലെടുത്ത് 2020ല്‍ ആദ്യമായി ടൈം മാഗസിന്‍ ”കിഡ് ഓഫ് ദ ഇയര്‍” ആയി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഗീതാഞ്ജലി റാവു. സ്റ്റെം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലോകത്തെ എങ്ങനെ മാറ്റാന്‍ കഴിയും എന്നതിനെക്കുറിച്ചും അമേരിക്കന്‍ സ്‌കൂളുകളിലെ സ്റ്റെം വിദ്യാഭ്യാസത്തെക്കുറിച്ചും ഗീതാഞ്ജലി സംസാരിക്കും.

ശാസ്ത്രലോകത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അന്താരാഷ്ട്ര ദിനാചരണ വേളയില്‍ ഗീതാഞ്ജലി റാവുവിനെ അതിഥിയായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ചെന്നൈയിലെ യു.എസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ പറഞ്ഞു. സ്റ്റെം വിദ്യാഭ്യാസത്തിലും സ്റ്റെം മേഖലയുടെ നവീകരണത്തിലും യുണൈറ്റഡ് സ്റ്റേറ്റ്‌സ് മുന്‍പന്തിയിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പഠിച്ച് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതായും കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗീതാഞ്ജലിയോടുള്ള ചോദ്യങ്ങള്‍ സൂം ചാറ്റ് ബോക്‌സിലൂടെ എഴുതിയറിയിക്കാം.

Read Also : ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നാസ

ശാസ്ത്രജ്ഞ, എഴുത്തുകാരി, പ്രഭാഷക എന്നീ നിലകലില്‍ പ്രശസ്തയായ ഗീതാഞ്ജലി റാവു സ്റ്റെം വിദ്യാഭ്യാസത്തിന്റെ സജീവ പ്രചാരകയാണ്. ജലത്തിലെ ഈയ മലിനീകരണം തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള ഉപകരണമായ ടെത്തിസിന്റെ കണ്ടുപിടിത്തത്തിന് അമേരിക്കയിലെ ഏറ്റവും മികച്ച യുവ ശാസ്ത്രജ്ഞയായി അവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പ്രസിഡന്‍ഷ്യല്‍ അവാര്‍ഡും അവര്‍ക്ക് ലഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാച്ച്വറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് എന്നിവ ഉപയോഗിക്കുന്ന കൈന്‍ഡ്ലി എന്ന ആന്റി-സൈബര്‍ ബുള്ളിയിംഗ് സേവനം ഗീതാഞ്ജലിയുടെ കണ്ടുപിടിത്തമാണ്.

2019ല്‍ ശാസ്ത്രലോകത്തിലെ പ്രതിഭാധനരായ മുപ്പത് വയസില്‍ താഴെയുള്ളവരുടെ ”ഫോര്‍ബ്സ് 30 അണ്ടര്‍ 30” പട്ടികയില്‍ ഗീതാഞ്ജലി ഇടംപിടിച്ചു. ടൈം മാഗസിന്‍ ഗീതാഞ്ജലിയെ ”ടോപ്പ് യംഗ് ഇന്നൊവേറ്റര്‍” ആയി തെരഞ്ഞെടുത്തിരുന്നു. സ്റ്റെം വിദ്യാഭ്യാസ രീതിയുടെ പ്രചാരണത്തിന് ആദ്യമായി ”കിഡ് ഓഫ് ദി ഇയര്‍” പുരസ്‌കാരവും അവര്‍ നേടി. ആറ് ഭൂഖണ്ഡങ്ങളിലും 37 രാജ്യങ്ങളിലുമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 58,000 വിദ്യാര്‍ത്ഥികളാണ് ഗീതാഞ്ജലിയുടെ ശില്‍പ്പശാലകളില്‍ പങ്കെടുത്തിട്ടുള്ളത്.

Read Also : റേഡിയോ ആക്റ്റീവ് മൂലകമായ ഐൻസ്റ്റീനിയത്തിന്റെ പുതിയ വിവരങ്ങൾ; നിർണ്ണായക കണ്ടെത്തലുകളുമായി ശാസ്ത്രജ്ഞർ

സ്വയം വികസിപ്പിച്ചെടുത്ത അഞ്ച് ഘട്ട നവീകരണ പ്രക്രിയയിലൂടെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഗൈഡ് ചെയ്യുന്ന ”എ യംഗ് ഇന്നൊവേറ്റേഴ്സ് ഗൈഡ് ടു സ്റ്റെം” എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഗീതാഞ്ജലി. കെനിയയിലെ കകുമ അഭയാര്‍ത്ഥി ക്യാമ്പ് സ്‌കൂളുകളിലും ഘാനയിലെ ഏതാനും ഹൈസ്‌കൂളുകളിലും ഈ പുസ്തകം സ്റ്റെം പാഠ്യപദ്ധതിയായി സ്വീകരിച്ചിട്ടുണ്ട്. 2021ല്‍ പ്രുഡന്‍ഷ്യല്‍ അമേരിക്കയിലെ മികച്ച യൂത്ത് വോളണ്ടിയര്‍മാരില്‍ ഒരാളായി ഗീതാഞ്ജലിയെ ആദരിച്ചിരുന്നു. സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി ശാസ്ത്രം ഉപയോഗിച്ചതിന് യൂനിസെഫ് അവരെ യൂത്ത് അഡ്വക്കറ്റായി നിയമിക്കുകയും ചെയ്തു.

താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് വെര്‍ച്വല്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ലിങ്കിലേക്കുള്ള ക്യു.ആര്‍. കോഡും ചുവടെ ചേര്‍ക്കുന്നു.

https://statedept.zoomgov.com/webinar/register/WN_3SIL5VmtSBGCeopr4RgfLw

Story Highlights: Gitanjali Rao to talk in the diaspora diplomacy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top