Advertisement

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ആറ് മാസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 2439 സ്ത്രീകള്‍

February 9, 2022
Google News 2 minutes Read

കഴിഞ്ഞ ആറ് മാസത്തിനിടെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 2439 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായി പഞ്ചാബ് ഇന്‍ഫര്‍മേഷന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ ദുരഭിമാനത്തിന്റെ പേരില്‍ പ്രവിശ്യയില്‍ 90 പേര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ മാത്രം 400 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്. ഇതിന് പുറമേ 2,300ല്‍ അധികം പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും കമ്മിഷന്‍ പുറത്തുവിട്ട ഡാറ്റയില്‍ വ്യക്തമാക്കുന്നു.

ഇത്തരം കേസുകളിലെല്ലാം, പീഡനം നേരിട്ട പെണ്‍കുട്ടികള്‍ക്ക് മേല്‍ കുറ്റം ചാര്‍ത്തുകയും അക്രമികള്‍ക്ക് ന്യായീകരണവും ആനുകൂല്യവും നല്‍കുകയും ചെയ്യുന്ന ഒരു രീതി സമൂഹത്തില്‍ കാണുന്നുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്സ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുകളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുമ്പോഴും ഇതില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് ആകെ ഒരു ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ്.

Read Also : ഡ്രെയിനേജില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസില്‍ സ്ത്രീയുടെ മൃതദേഹം, സംഭവം തമിഴ്നാട്ടില്‍

അടുത്ത കാലത്തായി പാകിസ്ഥാന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് ഒരു ദിവസം ശരാശരി 11 സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 22,000ല്‍ അധികം പീഡനക്കേസുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജനസംഖ്യാനുപാതത്തില്‍ നോക്കുമ്പോള്‍, ലോകത്ത് ഏറ്റവുമധികം ദുരഭിമാന കൊലകള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. കഴിഞ്ഞയാഴ്ചയാണ് ലാഹോറിന് സമീപമുള്ള സര്‍ഗോധ ജില്ലയില്‍ യുവാവ് തന്റെ സഹോദരിയെ കൊലപ്പെടുത്തിയ സംഭവമുണ്ടായത്. യുവതി ഗ്യാങ് റേപ്പ് നേരിട്ടതിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ ദുരഭിമാനത്തിന്റെ പേരില്‍ സഹോദരന്‍ ഇവരെ കൊലപ്പെടുത്തിയത്.

Story Highlights: Over 2,400 women raped in Pakistan’s Punjab province

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here