സ്വീഡനില്‍ സിഗരറ്റ് കുറ്റി പെറുക്കാന്‍ ‘കൂലിക്ക്’ കാക്കകള്‍

നമ്മുടെ വീടും നാടും പരിസരവും ശുചിയാക്കി വയ്ക്കുന്നതില്‍ കാക്കകള്‍ക്കുള്ള പങ്ക് കുട്ടിക്കാലം മുതല്‍ തന്നെ നമ്മള്‍ കേട്ടു വരുന്നതാണ്. മുറ്റത്തുള്ള എച്ചിലുകള്‍ കൊത്തിതിന്ന് മുറ്റം വൃത്തിയാക്കിയ കാക്കയുടെ കഥകള്‍ അപ്രസക്തമാക്കുകയാണ് സ്വീഡനില്‍ നിന്നുള്ള വാര്‍ത്ത. കേട്ടാല്‍ വിചിത്രമെന്ന് തോന്നുമെങ്കിലും കാക്കയെ ‘ജോലി’ക്ക് നിയോഗിച്ചിരിക്കുകയാണ് സ്വീഡനില്‍ ഒരു സ്ഥാപനം. അതും സിഗരറ്റ് കുറ്റി പെറുക്കാന്‍.
തെരുവുകളില്‍ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാനാണ് കാക്കകളെ നിയമിച്ച് സ്വീഡിഷ് സ്ഥാപനമായ കൊര്‍വിഡ് ക്ലീനിങ് പുതിയ പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഏറ്റവും വൃത്തിയുള്ള പക്ഷിയെന്ന് വിശേഷിപ്പിക്കുന്ന കാക്കകളെ ഇതിനായി തെരഞ്ഞെടുത്തത്. പെറുക്കിയെടുക്കുന്ന ഓരോ സിഗരറ്റ് കുറ്റിക്കും പകരമായി കാക്കകള്‍ക്ക് ഭക്ഷണം നല്‍കും.
ബുദ്ധിശാലികളാണ് കാലിഡോണിയന്‍ കാക്ക
ന്യൂ കാലിഡോണിയന്‍ എന്ന കാക്ക വിഭാഗത്തില്‍ പെടുന്ന പക്ഷികളെയാണ് ശുചിത്വ ജോലിയില്‍ പങ്കാളികളാക്കുന്നത്. ബുദ്ധിശാലികളാണ് കാലിഡോണിയന്‍ കാക്കകളെന്ന് കൊര്‍വിഡ് ക്ലീനിങ് സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍ ഹാന്‍സെന്‍ പറയുന്നു. അതുകൊണ്ടുതന്നെ അബദ്ധത്തില്‍ പോലും ചവറുകള്‍ ഭക്ഷിക്കാനുള്ള സാധ്യത നന്നേ കുറവാണ്. ശേഖരിക്കുന്ന സിഗരറ്റ് കുറ്റികള്‍ ഒരു ബെസ്‌പോക്ക് മെഷീനിലാണ് കാക്കകള്‍ നിക്ഷേപിക്കുക. ഒരു സ്റ്റാര്‍ട്ടപ്പ് രൂപകല്‍പന ചെയ്തതാണ് ഈ മെഷീന്‍.
ചെലവ് കുറവ്
ഓരോ വര്‍ഷവും 100 കോടി സിഗരറ്റ് കുറ്റികളാണ് സ്വീഡനിലെ തെരുവുകളില്‍ ഉപേക്ഷിച്ച നിലയില്‍ കാണുന്നത്. എല്ലാ മാലിന്യങ്ങളുടെയും 62 ശതമാനം വരും ഇത്. മനുഷ്യരെ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളെക്കാള്‍ ചെലവ് കുറവാണെന്നതാണ് കാക്കകളെ ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം.
‘ദി കീപ്പ് സ്വീഡന്‍ ടിഡി ഫൗണ്ടേഷന്റെ ‘കൊര്‍വിഡ് ക്ലീനിങ്’ എന്ന പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായുള്ള പരിപാടി പുരോഗമിക്കുന്നതോടെ നഗരത്തിലെ തെരുവ് ശുചീകരണത്തിന്റെ ചെലവ് ഗണ്യമായി കുറക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കമ്പനിയുടെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍ഹാന്‍സെന്‍ കണക്കാക്കുന്നത് ചെലവിന്റെ 75 ശതമാനമെങ്കിലും കുറയുമെന്നാണ്. നിലവില്‍ 20 മില്യണ്‍ സ്വീഡിഷ് ക്രോണര്‍ (162 മില്യണ്‍ രൂപ) ആണ് തെരുവ് ശുചീകരണത്തിനായി ചെലവഴിക്കുന്നത്.
Story Highlights: Swedish firm recruits crows to pick up cigarette butts in a bid to fight litter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here