Advertisement

‘രാജ്യമാണോ മതമാണോ വലുത്?’; ഹിജാബ് വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി

February 10, 2022
1 minute Read

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഇത് അഖണ്ഡമായ ഒരു രാജ്യമാണോ അതോ മതത്താല്‍ വിഭജിക്കപ്പെട്ട ഒരു സ്ഥലമാണോ എന്ന് കോടതി ചോദിച്ചു. ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണെമന്നും ക്ഷേത്രപ്രവേശനത്തിന് കൃത്യമായ വസ്ത്രധാരണ രീതി വേണമെന്നും ആവശ്യപ്പെട്ട് കോടതിയ്ക്ക് മുന്നിലെത്തിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഈ പരാമര്‍ശങ്ങള്‍.

ഹിജാബ് വിവാദം ചൂണ്ടിക്കാട്ടി രാജ്യമാണോ മതമാണോ വലുതെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് കോടതി പറഞ്ഞു. ചിലര്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. ചിലര്‍ ഹിജാബിന്റെ പുറകേ പോകുമ്പോള്‍ മറ്റുചിലര്‍ മറ്റെന്തൊക്കെയോ വസ്ത്രങ്ങളുടെ പുറകേ പോകുന്നു. ഇത്തരം കാര്യങ്ങളുടെ ഉദ്ദേശ്യം സംശയിക്കപ്പെടേണ്ടതാണ് എന്ന സൂചനയാണ് മദ്രാസ് ഹൈക്കോടതി മുന്നോട്ടുവെച്ചത്.

അതേസമയം ഹിജാബ് വിവാദത്തെത്തുടര്‍ന്ന് അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കേസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി വിശാലബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി പറഞ്ഞു.

കോളേജില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെയ്ബുന്നീസ എം ഖാസി എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ചയാണ് ഹൈക്കോടതി രൂപീകരിച്ചത്. ക്ലാസുകള്‍ മുടങ്ങുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളജില്‍ പോകാനുള്ള സൗകര്യത്തിനായി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സംഘര്‍ഷം വ്യാപിക്കുന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സര്‍ക്കാര്‍ നടപടി.

ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിലപാട് കൈക്കൊണ്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്.

Story Highlights: madras high court on hijab row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top