ബിജെപി വിരുദ്ധ മുന്നണിയുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടി ആര്‍ജെഡി; ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടമെന്ന് ലാലു പ്രസാദ് യാദവ്

ബിജെപിയും സംഘപരിവാറും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ നേരിടാന്‍ ഒരു ബിജെപി വിരുദ്ധ രാഷ്ട്രീയ മുന്നണി ആവശ്യമാണെന്ന് ആര്‍ ജെ ഡി. വിദ്വേഷത്തിന്റേയും അസമത്വത്തിന്റേയും രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് ആര്‍ ജെ ഡി ദേശീയ നിര്‍വാഹക യോഗം വിലയിരുത്തി. ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. ബിജെപി ഭരണത്തിനുകീഴില്‍ രാജ്യത്ത് ഭയത്തിന്റേയും വെറുപ്പിന്റേയും അന്തരീക്ഷം നിലനില്‍ക്കുയാണെന്ന് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടു. ബിജെപി ഭരണത്തില്‍ രാജ്യത്ത് ഫാസിസ്റ്റ് പ്രവണതകള്‍ വളരെ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടങ്കിലും നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യാനായി ലാലു പ്രസാദ് യാദവ് എത്തുകയായിരുന്നു.
ബിജെപിക്കെതിരായി മതേതരത്വത്തിലും സോഷ്യലിസത്തിലും അടിയുറച്ച ഒരു രാഷ്ട്രീയ മുന്നണി രൂപീകരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം ആര്‍ ജെ ഡി യോഗത്തില്‍ പാസാക്കി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേയും ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയേയും പരസ്യമായി പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണ് ആര്‍ ജെ ഡി എന്നത് ശ്രദ്ധേയമാണ്. ആര്‍ ജെ ഡി പ്രമേയത്തില്‍ സൂചിപ്പിച്ച ബി ജെ പി വിരുദ്ധ മുന്നണിയില്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്നാണ് സൂചന.
അംബേദ്കറിന്റെ സമത്വത്തിലൂന്നിയ ആശയങ്ങളെ മനുവാദം കൊണ്ട് അട്ടിമറിക്കാനാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമേയത്തിലൂടെ ആര്‍ ജെ ഡി ആരോപിച്ചു. ഇന്ത്യ വിഭജനത്തെ പിന്തുണച്ച ദ്വിരാഷ്ട്ര സിദ്ധാന്തത്തിനുവേണ്ടി നിലകൊണ്ട സവര്‍ക്കറെപ്പോലുള്ള ആര്‍ എസ് എസ് സൈദ്ധാന്തികരുടെ മൂല്യങ്ങളിലാണ് ബി ജെ പി വിശ്വസിക്കുന്നതെന്നും ആര്‍ ജെ ഡി പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.
ഏറെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍, കര്‍ഷക സമരം, നോട്ട് നിരോധനം, പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കല്‍ മുതലായ വിഷയങ്ങള്‍ ചൂണ്ടി ആര്‍ ജെ ഡി പ്രമേയം ബിജെപിയെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. തൊഴിലിലായ്മയ്ക്കുനേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ നരേന്ദ്രമോദി സര്‍ക്കാര്‍ മോശമാക്കിയെന്നും ആര്‍ ജെ ഡി കുറ്റപ്പെടുത്തി.
Story Highlights: rjd resolution for an anti bjp political front
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here