‘ഭാവിയിൽ കാവിക്കൊടി ദേശീയ പതാകയാകും’; ബിജെപി

ഭാവിയിൽ കാവിക്കൊടി ദേശീയ പതാകയായി മാറിയേക്കുമെന്ന് മുതിർന്ന ബിജെപി നേതാവും കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിയുമായ കെ എസ് ഈശ്വരപ്പ. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ശ്രീരാമചന്ദ്രന്റെയും മാരുതിയുടെയും രഥങ്ങളിൽ കാവി പതാകകൾ ഉണ്ടായിരുന്നു. അന്ന് ഇന്ത്യയിൽ ത്രിവർണക്കൊടി ഉണ്ടായിരുന്നില്ലെന്നും ഈശ്വരപ്പ പറഞ്ഞു. ചെങ്കോട്ടയിൽ കാവി പതാക ഉയർത്താനാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഈശ്വരപ്പ.
ബിജെപി അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പറഞ്ഞപ്പോൾ ചിരിച്ചവരുണ്ട്. പറഞ്ഞ വാക്ക് ബിജെപി പാലിച്ചു, രാമക്ഷേത്രം പണിഞ്ഞു. അതുപോലെ 100-ഓ 200-ഓ 500-ഓ വർഷങ്ങൾക്ക് ശേഷം ഭാവിയിൽ കാവിക്കൊടി ദേശീയ പതാകയായി മാറിയേക്കാം. ത്രിവർണ പതാകയെ ഭരണഘടനാപരമായി ദേശീയ പതാകയായി അംഗീകരിച്ചിട്ടുണ്ടെന്നും അതിനെ ബഹുമാനിക്കണമെന്നും അല്ലാത്തവർ രാജ്യദ്രോഹികളാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“ഞങ്ങൾ കാവി പതാക ഉയർത്തുന്ന ആളുകളാണ്. ഇന്നല്ല, ഭാവിയിൽ ഹിന്ദു ധർമ്മം ഈ നാട്ടിൽ വരും, ആ സമയത്ത് ഞങ്ങൾ കാവി പതാക ചെങ്കോട്ടയിൽ ഉയർത്തും” ഈശ്വരപ്പ പറഞ്ഞു. ചൊവ്വാഴ്ച ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ശിവമോഗയിലെ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിൽ വിദ്യാർത്ഥികൾ ത്രിവർണ പതാക മാറ്റി കാവി പതാക ഉയർത്തിയെന്ന സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ അവകാശവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ഈശ്വരപ്പ.
Story Highlights: saffron-may-become-national-flag-in-future
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here