Advertisement

കാതോലിക്കാ ബാവക്ക് വിരുന്നൊരുക്കി ശിവഗിരി മഠം

February 10, 2022
1 minute Read
sivagiri madam

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവക്ക് വര്‍ക്കല ശിവഗിരി മഠത്തില്‍ സ്വീകരണം. ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാ ആയി സ്ഥാനമേറ്റത്തിനുശേഷം ആദര സൂചകമായാണ് ശിവഗിരി മഠം വിരുന്നൊരുക്കിയത്. മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറല്‍ സെക്രട്ടറി സ്വാമി ഋതുംബരാനന്ദയും ചേര്‍ന്ന് സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ശിവഗിരി മഠത്തില്‍ എത്തിയ ബാവയെ പൊന്നാട അണിയിച്ചാണ് സന്യാസിമാര്‍ സ്വീകരിച്ചത്. കാതോലിക്കാ ബാവ മഠത്തിലേക്ക് ഒന്‍പത് ഇനം പഴങ്ങള്‍ അടങ്ങിയ പഴക്കൂടയുമായാണ് എത്തിയത്. ആളുകള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണങ്ങള്‍ ശക്തമാകുന്ന ഈ കാലഘട്ടത്തില്‍ ഗുരുദേവന്റെ വചനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാതോലിക്കാ ബാവ പറഞ്ഞു. സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ശിവഗിരി മഠം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ബാവ അഭിപ്രായപ്പെട്ടു.

നിര്‍ധനര്‍ക്കും അവശതയനുഭവിക്കുന്ന സമൂഹങ്ങള്‍ക്കും വേണ്ടി വര്‍ഷങ്ങളായി സേവനം ചെയ്യുന്ന കാതോലിക്കാ ബാവയുടെ പ്രവര്‍ത്തങ്ങളെ ശിവഗിരി മഠം അനുമോദിച്ചു. ബാവ തിരുമേനിയുടെ പുതിയ സ്ഥാനലബ്ധിയോടെ നിരവധി പേര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കാനുള്ള അവസരം കൂടിയാണെന്ന് മഠം ഭാരവാഹികള്‍ പറഞ്ഞു. ഗുരുദേവ സമാധി സന്ദര്‍ശിച്ച കാതോലിക്കാ ബാവ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.

Read Also : ഹിജാബിന്റെ പേരില്‍ നടക്കുന്നത് മുസ്ലിങ്ങള്‍ക്കെതിരായ കടന്നാക്രമണം; സുനില്‍ പി. ഇളയിടം

ഇതാദ്യമായാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ഒരു പരമാദ്ധ്യക്ഷന്‍ ശിവഗിരി മഠം സന്ദര്‍ശിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികനും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ മാനേജിങ് ഡയറക്ടറുമായ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴയും സഭാ മാനേജിങ് കമ്മിറ്റി അംഗവും എം.ജി.എം ഗ്രൂപ്പ് ചെയര്‍മാനുമായ ഗീവര്‍ഗീസ് യോഹന്നാനും കാതോലിക്കാ ബാവക്ക് ഒപ്പമുണ്ടായിരുന്നു.
ശിവഗിരി മഠത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ശിവഗിരി മഠം ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവരും നേതൃത്വം നല്‍കി.

Story Highlights: sivagiri madam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top