Advertisement

‘ദാരിദ്യം ഒരു മാനസികാവസ്ഥയാണെന്ന് നിങ്ങള്‍ പറഞ്ഞു, അതാണോ ഞാന്‍ പരിഹരിക്കേണ്ടത്?’; രാഹുലിനെതിരെ നിര്‍മല സീതാരാമന്‍

February 11, 2022
2 minutes Read

കേന്ദ്ര ബജറ്റ് സമൂഹത്തിലെ അതിദരിദ്ര വിഭാഗങ്ങളെ പരിഗണിച്ചില്ലെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ദാരിദ്യം എന്തിന്റെയെങ്കിലും ഇല്ലായ്മയല്ല മറിച്ച് ഒരു മാനസികാവസ്ഥയാണെന്ന് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് രാജ്യസഭയില്‍ ധനമന്ത്രി ആഞ്ഞടിച്ചത്. മനസിന്റെ ആ അവസ്ഥയെ താന്‍ പരിഹരിക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് നിര്‍മല സീതാരാമന്‍ ചോദിച്ചത്. രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ മറുപടി.

കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ധനമന്ത്രി രാജ്യസഭയില്‍ ഉന്നയിച്ചത്. 65 വര്‍ഷക്കാലം കോണ്‍ഗ്രസ് സ്വന്തം കുടുംബത്തിന്റെ ക്ഷേമത്തിനുവേണ്ടി രാജ്യം ഭരിച്ചു. ഇനിയുള്ള 25 വര്‍ഷങ്ങള്‍ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി തങ്ങള്‍ ഭരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 2014ല്‍ സി പി ഐ ( കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ്) 9.1 ശതമാനമായിരുന്നെന്നും കൊവിഡ് കാലത്ത് ഇത് 6.2 ശതമാനമായിരുന്നെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഒരു സാമ്പത്തിക പ്രതിസന്ധിയെപ്പോലും താങ്ങാന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ലെന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.

ഭക്ഷണത്തിന്റെയോ മറ്റ് ഭൗതികമായ വസ്തുക്കളുടേയോ കുറവല്ല ദാരിദ്ര്യമെന്ന് 2013 കാലത്ത് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് നിര്‍മല സീതാരാമന്‍ ഇന്ന് രാജ്യസഭയില്‍ സൂചിപ്പിച്ചത്. ദാരിദ്യം മനസിന്റെ വെറുമൊരു അവസ്ഥ മാത്രമാണെന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ അതിനെ എളുപ്പം മറികടക്കാനാകുമെന്നും രാഹുല്‍ പറഞ്ഞതായാണ് ആരോപണം. ഏത് ദാരിദ്ര്യത്തെയാണ് താന്‍ ഇല്ലായ്മ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് തന്നെ വ്യക്തമാക്കണെമന്ന് ധനമന്ത്രി പറഞ്ഞു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ പാവപ്പെട്ടവര്‍ക്കായി ഒന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

Story Highlights: fm nirmala sitaraman jibe at rahul gandhi in rajyasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top