ക്വാഡ് സഖ്യത്തിന്റെ നാലാമത് യോഗത്തില്‍ ചൈനയെ വിമര്‍ശിച്ച് ഇന്ത്യ; യുക്രൈന്‍ വിഷയത്തില്‍ മൗനം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ നാലാമത് യോഗത്തില്‍ ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ലിഖിത കരാറുകളെ ചൈന 2020ല്‍ മാനിക്കാതിരുന്നതാണ് നിയന്ത്രണ രേഖയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന നിലപാടാണ് ഇന്ത്യ വ്യക്തമാക്കിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെന്‍, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍, ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി എന്നിവര്‍ക്കൊപ്പം മെല്‍ബണില്‍ വെച്ച് നടന്ന യോഗത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പരാമര്‍ശങ്ങള്‍.
ഒരു വലിയ രാജ്യം രേഖാമൂലമുള്ള പ്രതിബന്ധതകളെ അവഗണിക്കുന്നത് മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തിനിടയിലും ആശങ്കയുണ്ടാക്കുമെന്നാണ് ജയശങ്കര്‍ പറഞ്ഞത്. ക്വാഡിന്റെ നിലപാടുകള്‍ വ്യക്തവും ദൃഢവുമാണെന്നും നിരന്തരമായി വിമര്‍ശിക്കുന്നത് ക്വാഡിന്റെ വിശ്വാസ്യത കുറയ്ക്കുകയില്ലെന്നും ജയശങ്കര്‍ സൂചിപ്പിച്ചു. ക്വാഡിനെതിരെ ചൈനീസ് വിദേശകാര്യമന്ത്രി വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
റഷ്യ- യുക്രൈന്‍ തര്‍ക്കവും മ്യാന്‍മര്‍ വിഷയവും ക്വാഡ് യോഗത്തില്‍ ചര്‍ച്ചയായി. മ്യാന്‍മര്‍- ഇന്ത്യന്‍ അതിര്‍ത്തിയിലെ കലാപ സാധ്യതയെക്കുറിച്ച് ജയശങ്കര്‍ യോഗത്തില്‍ സൂചിപ്പിച്ചു. അതിര്‍ത്തി പ്രദേശത്ത് ഒരു കേണലും അദ്ദേഹത്തിന്റെ കുടുംബവും കൊലചെയ്യപ്പെടാനിടയായ സംഭവം ജയശങ്കര്‍ ചൂണ്ടിക്കാണിച്ചു. റഷ്യ- യുക്രൈന്‍ തര്‍ക്ക വിഷയത്തില്‍ ക്വാഡ് യോഗത്തില്‍ ഇന്ത്യ മൗനം പാലിക്കുകയാണുണ്ടായത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശ ഭീഷണി തങ്ങള്‍ ഗൗരവപൂര്‍വ്വമാണ് പരിഗണിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യന്ത്രി അറിയിച്ചു.
Story Highlights: India in quad meeting on china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here