Advertisement

ഇഷാൻ കിഷന് 15.25 കോടി; ഹസരങ്കയ്ക്കും ഹർഷൽ പട്ടേലിനും 10.75 കോടി രൂപ വീതം

February 12, 2022
Google News 2 minutes Read
ipl auction 2022 live

യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷൻ മുംബൈ ഇന്ത്യൻസിൽ. 15 കോടി 25 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന താരത്തിനു വേണ്ടി മുംബൈ, പഞ്ചാബ്, ഗുജറാത്ത്, ഹൈദരാബാദ് ടീമുകളാണ് രംഗത്തിറങ്ങിയത്. തുടക്കം മുതൽ ലേലത്തിലുണ്ടായിരുന്ന മുംബൈ മറ്റ് മൂന്ന് ഫ്രാഞ്ചൈസികളുടെയും വെല്ലുവിളി മറികടന്ന് കിഷനെ റെക്കോർഡ് തുകയ്ക്ക് ടീമിൽ നിലനിർത്തുകയായിരുന്നു. ഇതുവരെ ലേലത്തിൽ ലഭിച്ചതിൽ ഏറ്റവും ഉയർന്ന തുക ആണിത്. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്കയും ഇന്ത്യൻ പേസർ ഹർഷൽ പട്ടേലും 10.75 കോടി രൂപ വീതം നേടി. ഇരുവരെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ് സ്വന്തമാക്കിയയത്. 8.75 കോടി രൂപ മുടക്കി വാഷിംഗ്ടൺ സുന്ദറിനെ സൺറൈസേഴ്സ് ടീമിലെത്തിച്ചപ്പോൾ 8.25 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയൻ്റ്സ് കൃണാൽ പാണ്ഡ്യയെ സ്വന്തമാക്കി. (ipl auction 2022 live)

ഒരു കോടി രൂപ ആയിരുന്നു ഐസിസി ടി-20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതുള്ള വനിന്ദു ഹസരങ്കയുടെ അടിസ്ഥാന വില. സൺറൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും തമ്മിലായിരുന്നു ആദ്യം ഹസരങ്കയ്ക്ക് വേണ്ടി ബിഡിംഗ് വാർ നടത്തിയത്. പിന്നീട് ആർസിബിയും കളത്തിലിറങ്ങി. പഞ്ചാബുമായി നടന്ന നീണ്ട ബിഡിംഗ് വാറിനു ശേഷമാണ് ആർസിബി ഹസരങ്കയെ ടീമിലെത്തിച്ചത്. 2 കോടി രൂപ ആയിരുന്നു ഹർഷലിൻ്റെ അടിസ്ഥാന വില. ഹർഷൽ പട്ടേലിനായി തുടക്കം മുതൽ ആർസിബി കളത്തിലുണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സുമായി ആദ്യ ഘട്ടത്തിൽ പോരടിച്ച് അവർ പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ കടുത്ത പോരാട്ടം അതിജീവിച്ച് ഹർഷലിനെ ടീമിൽ നിലനിർത്തി. ഹസരങ്കയും ഹർഷലും കഴിഞ്ഞ സീസണിൽ ആർസിബിയിൽ കളിച്ചിരുന്നു. കഴിഞ്ഞ വർഷം 20 ലക്ഷം രൂപയ്ക്കാണ് ഹർഷൽ ബാംഗ്ലൂരിലെത്തിയത്.

Read Also : ഐപിഎൽ ലേലം; ഹ്യൂ എഡ്മീസ് കുഴഞ്ഞുവീണു; പകരക്കാരനായി ചാരു ശർമ്മ

ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിനെ 6.50 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചപ്പോൾ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡും അഫ്ഗാൻ ഓൾറൗണ്ടർ മുഹമ്മദ് നബിയും അൺസോൾഡ് ആയി. അമ്പാട്ടി റായുഡുവിനെ 6.75 കോടി രൂപയ്ക്ക് ചെന്നൈ ടീമിൽ നിലനിർത്തി.

ഐപിഎൽ ലേലം നടത്തിവന്നിരുന്ന ഹ്യൂ എഡ്മീസ് കുഴഞ്ഞുവീണിരുന്നു. ഹസരങ്കയുടെ ലേലം വിളി നടക്കുന്നതിനിടെയാണ് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് എഡ്മീസ് കുഴഞ്ഞുവീണത്. പകരം കമൻ്റേറ്ററും ക്വിസ് മാസ്റ്ററുമായ ചാരു ശർമ്മയാണ് ഇപ്പോൾ ലേലം നിയന്ത്രിക്കുന്നത്. 2008 ഐപിഎലിൽ രാജസ്ഥാൻ റോയൽസ് സിഇഒ ആയിരുന്നു ചാരു ശർമ്മ. നിലവിൽ പ്രോ കബഡി ലീഗ് ഡയറക്ടറാണ് ചാരു ശർമ്മ.

Story Highlights: ipl auction 2022 live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here