Advertisement

‘ഇന്ത്യന്‍ സ്ത്രീകള്‍ ഝാന്‍സി റാണിയോ റസിയ സുല്‍ത്താനയോ ആയേക്കും’; ഹിജാബ് വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് റുബീന ഖാനം

February 12, 2022
2 minutes Read
rubina khanam

കര്‍ണാടകയില്‍ ഹിജാബ് നിയന്ത്രണം വിവാദമായതോടെ പ്രതികരണവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുകയാണ്. ഹിജാബ് ധരിക്കുന്നവരെ എതിര്‍ത്താല്‍ എതിര്‍ക്കുന്നവരുടെ കൈവെട്ടിമാറ്റുമെന്നാണ് സമാജ്വാദി പാര്‍ട്ടി നേതാവ് റുബീന ഖാനം അലിഗഡില്‍ നടത്തിയ പ്രസ്താവന. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന് എസ്പി നേതാവാണ് ഖാനം.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണ വിവാദങ്ങളില്‍ പ്രതിഷേധിച്ച് അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ വനിതാ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനിടെയാണ് എസ്പി നേതാവിന്റെ പരാമര്‍ശം.

‘ഇന്ത്യയിലെ പെണ്‍മക്കളുടെയും സഹോദരിമാരുടെയും മാനം വെച്ച് കളിക്കാന്‍ ശ്രമിച്ചാല്‍, അവര്‍ ഝാന്‍സി റാണിയെയും റസിയ സുല്‍ത്താനയെയും പോലെയാകാനും തൊടുന്നവരുടെ കൈ വെട്ടാനും അധികം താമസിക്കില്ല. ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. ഒരു വ്യക്തിയുടെ നെറ്റിയില്‍ തിലകമുണ്ടോ എന്നോ തലപ്പാവോ ഹിജാബ് ധരിക്കുന്നുണ്ടോ എന്നത് പ്രശ്‌നമല്ല.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് ഘുന്‍ഘട്ടും ഹിജാബുമൊക്കെ. ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയവത്ക്കരിച്ച് വിവാദമുണ്ടാക്കുന്നത് തന്നെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഏത് പാര്‍ട്ടിക്ക് വേണമെങ്കിലും രാജ്യം ഭരിക്കാം. പക്ഷേ സ്ത്രീകളെ ദുര്‍ബലരായി കണ്ടുകൊണ്ട് ആരും തെറ്റുകള്‍ ചെയ്യരുത്’. ഖാനം പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 7ന് അവസാനിക്കാനിരിക്കെയാണ് സമാജ്വാദി പാര്‍ട്ടി നേതാവിന്റെ പ്രസ്താവനകള്‍. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Read Also : ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഡാലോചന; ഇസ്ലാംമത വിശ്വാസപ്രകാരം ഹിജാബ് നിര്‍ബന്ധമല്ലെന്ന് ഗവര്‍ണര്‍

അതേസമയം ഹിജാബ് വിവാദത്തിലെ രാജ്യാന്തര പ്രതികരണത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തരവിഷയങ്ങളില്‍ ദുരുദ്ദേശ പ്രതികരണം വേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. യു എസ് അംബാസഡര്‍ റാഷിദ് ഹുസ്സൈന്റെ പരാമര്‍ശങ്ങളിലാണ് പ്രതികരണം നടത്തിയത്.

‘കര്‍ണാടകത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണ നയവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ബഹുമാനപ്പെട്ട കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടന ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളില്‍ നിന്ന് കൊണ്ടാണ് വിഷയങ്ങള്‍ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇന്ത്യയെ അറിയുന്നവര്‍ക്ക് ഈ സാഹചര്യങ്ങള്‍ മനസിലാവും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് ലക്ഷ്യങ്ങള്‍ വച്ചുള്ള പ്രതികരണങ്ങള്‍ സ്വാഗതാര്‍ഹമല്ല’. വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Story Highlights: rubina khanam, hijab row, SP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top