ആവേശം സൂപ്പർ ഓവർ വരെ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയയ്ക്ക് ആവേശ ജയം

ശ്രീലങ്കക്കെതിരായ രണ്ടാം ടി-20യിൽ ഓസ്ട്രേലിയക്ക് ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ഓസീസ് ആവേശ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി അത്ര തന്നെ റൺസ് നേടി. സൂപ്പർ ഓവറിൽ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഞ്ച് റൺസ് നേടാനേ സാധിച്ചുള്ളൂ. 3 പന്തുകളിൽ ഓസ്ട്രേലിയ വിജയലക്ഷ്യം മറികടന്നു. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി-20 യിൽ ഓസ്ട്രേലിയ 2-0നു മുന്നിലെത്തി. (australia srilanka super over)
48 റൺസെടുത്ത ജോഷ് ഇംഗ്ലീസ് ആണ് ഓസീസ് ടോപ്പ് സ്കോറർ. കൃത്യതയോടെ പന്തെറിഞ്ഞ ശ്രീലങ്ക ഓസ്ട്രേലിയയെ പിടിച്ചുനിർത്തുകയായിരുന്നു. എല്ലാ താരങ്ങൾക്കും തുടക്കം ലഭിച്ചെങ്കിലും ഇംഗ്ലീസിനല്ലാതെ മറ്റ് ഒരു താരത്തിനും ഉയർന്ന സ്കോർ നേടാനായില്ല. ശ്രീലങ്കക്കായി വനിന്ദു ഹസരങ്കയും ദുഷ്മന്ത ചമീരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Read Also : ശ്രീശാന്ത് ലേലത്തിൽ എവിടെയുമില്ല; രണ്ടാമൂഴത്തിൽ വിഷ്ണു വിനോദ് ഹൈദരാബാദിൽ
മറുപടി ബാറ്റിംഗിൽ തുടരെ വിക്കറ്റുകൾ നഷ്ടമായി. 10.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിൽ പതറിയ ശ്രീലങ്കയെ പാത്തും നിസ്സങ്കയും ക്യാപ്റ്റൻ ദാസുൻ ശനകയും ചേർന്നാണ് കരകയറ്റിയത്. 53 റൺസെടുത്ത നിസങ്ക ടോപ്പ് സ്കോററായി. ശനക 34 റൺസെടുത്തു. മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ 19 റൺസ് വിജയലക്ഷം വേണ്ടപ്പോൾ ശ്രീലങ്കയ്ക്ക് 18 റൺസ് സ്കോർ ചെയ്യാൻ സാധിച്ചു. ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് 3 വിക്കറ്റ് വീഴ്ത്തി.
സൂപ്പർ ഓവറിൽ ഹേസൽവുഡ് ആണ് ഓസീസിനായി പന്തെറിഞ്ഞത്. ദിനേശ് ഛണ്ഡിമലും ദാസുൻ ശനകയും ചേർന്ന് ശ്രീലങ്കക്കായി ബാറ്റിംഗിനിറങ്ങി. മൂന്നാം പന്തിൽ ഛണ്ഡിമൽ റണ്ണൗട്ടായി. സൂപ്പർ ഓവറിൽ ഒരു ബൗണ്ടറി പോലും നേടാൻ ശ്രീലങ്കയ്ക്ക് സാധിച്ചില്ല. ശ്രീലങ്കക്കായി വനിന്ദു ഹസരങ്ക പന്തെറിഞ്ഞപ്പോൾ മാക്സ്‌വലും സ്റ്റോയിനിസുമാണ് ഓസ്ട്രേലിയക്ക് വേണ്ടി ഇറങ്ങിയത്. ആദ്യ പന്തിൽ മാക്സ്‌വൽ സിംഗിൾ നേടി. അടുത്ത രണ്ട് പന്തുകളിൽ തുടരെ ബൗണ്ടറിയടിച്ച സ്റ്റോയിനിസ് ഓസ്ട്രേലിയക്ക് ജയം സമ്മാനിച്ചു.
Story Highlights: australia won srilanka super over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here