വീടിന്റെ തറയിൽ നിന്ന് കണ്ടെടുത്തത് 100 വർഷം പഴക്കം ചെന്ന പ്രേമലേഖനം

ലോകം മുഴുവൻ പ്രണയദിനം ആഘോഷിക്കുകയാണ്. ഒരുമിക്കാൻ കഴിഞ്ഞവരുടെ മാത്രമല്ല വേർപിരിയേണ്ടി വന്നവരുടെയും ദിനമാണല്ലോ ഇന്ന്. നൂറു വര്ഷം മുൻപത്തെ ഒരു പ്രണയലേഖനത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്. യുകെയിൽ നിന്നുമാണ് കത്ത് കണ്ടെത്തിയിരിക്കുന്നത്. ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള വിരഹമാണ് കത്തിൽ. മറ്റൊരു ജീവിതം തുടങ്ങേണ്ടി വന്ന തന്റെ കാമുകിയോട് സംസാരിക്കാൻ രഹസ്യമായി എഴുതിയ കത്താണ് നൂറു വർഷത്തിനിപ്പുറം കണ്ടെടുക്കപ്പെട്ടത്. കത്ത് കിട്ടിയ കൗതുക കഥ ഇങ്ങനെ..
യുകെയിലെ ഒരു വീട്ടിൽ ടിവി നിലത്തു വീണ് ഉടയുകയും തറയിലെ ടൈലുകൾക്ക് വിള്ളലുകൾ ഏൽക്കുകയും ഉണ്ടായി. പൊട്ടി വീണ ഭാഗം വൃത്തിയാക്കുന്നതിനടിയിലാണ് ലൂക്കാസ് എന്ന ആൺകുട്ടിയും അവന്റെ അമ്മ ഡോൺ കോർണസും 100 വർഷം പഴക്കമുള്ള ഒരു രഹസ്യ സന്ദേശം കണ്ടെത്തുന്നത്. മറ്റൊരാളെ വിവാഹം ചെയേണ്ടി വന്ന തന്റെ കാമുകിയ്ക്ക് വേണ്ടി എഴുതിയ കത്തായിരുന്നു അത്. നന്നേ പഴക്കം ചെന്നിരുന്നു കത്തിൽ പറഞ്ഞിരുന്നത് ഇങ്ങനെയാണ്; ‘ ”എന്റെ സ്വന്തം പ്രിയേ … എല്ലാ ദിവസവും രാത്രി നമുക്ക് കാണാൻ കഴിയുമോ,
എന്നാൽ നീ ഇത് ആരും അറിയാതെ നോക്കണം കാരണം നീ ഇപ്പോൾ വിവാഹിതയാണ്. അതിനാൽ, ഇത് നമുക്കിടയിൽ മാത്രം നിൽക്കുന്ന രഹസ്യമായിരിക്കണം’ ഇതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം.
അടുത്തുള്ള ഫുൾവുഡ് ട്രാം സ്റ്റേഷനിൽ വച്ചാണ് യുവാവ് പെൺകുട്ടിയെ കാണുവാൻ ക്ഷണിച്ചിരിക്കുന്നത്. അതിനാൽ തന്നെ കത്ത് എഴുതിയിരിക്കുന്നത് 1920കളിലോ മറ്റോ ആയിരിക്കാം എന്നാണ് അനുമാനം. കാരണം, കത്തിൽ പറഞ്ഞിരിക്കുന്ന ഫുൾവുഡ് ട്രാം കഴിഞ്ഞ 80 വർഷമായി പ്രവർത്തിക്കുന്നില്ല. കൂടാതെ, രേഖകളനുസരിച്ച് വീട് നിർമ്മിച്ചിരിക്കുന്നത് 1917 ലുമാണ്. റൊണാൾഡ് എന്ന വ്യക്തിയാണ് കത്തെഴുതിയിരിക്കുന്നത്. അയാളുടെ കുടുംബപ്പേര് കത്തിൽ വ്യക്തമല്ല, അത് “ഹബ്ഗുഡ്” അല്ലെങ്കിൽ “ഹാൽഗുഡ്” എന്നോ ആയിരിക്കാം. എല്ലാ ദിവസവും അർദ്ധരാത്രി അയൽ ട്രാം സ്റ്റേഷനിൽ വച്ച് തന്നെ കാണാൻ യുവാവ് പെൺകുട്ടിയെ ക്ഷണിച്ചതായി കത്തിൽ വ്യക്തമാണ്. കത്തിന്റെ കാലപഴക്കം കൊണ്ട് തന്നെ കൂടുതൽ വിവരങ്ങളും ലഭ്യമായിട്ടില്ല.
ഒരു നൂറ്റാണ്ടോളം രഹസ്യമായി ഒളിഞ്ഞുകിടന്ന ഈ കത്ത് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്.എന്തായാലും, ഡൗൺ കോർണസും മകൻ ലൂക്കാസും സംഭവത്തെ ‘മധുരമായ അനുഭവം’ എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ, കത്ത് ഫ്രെയിം ചെയ്ത് മൊമെന്റോ ആയി സൂക്ഷിക്കാനാണ് അവരുടെ തീരുമാനം.
Story Highlights: 100 year old love letter found on the floor of the house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here