ഗോവയില്‍ അധികാരം പിടിക്കുമെന്ന് കോണ്‍ഗ്രസ്

ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് തങ്ങള്‍ക്ക് ഗുണകരമാവുമെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ്. പൂര്‍ണ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. നിര്‍ണായക തെരഞ്ഞെടുപ്പില്‍ ആളുകള്‍ വന്‍തോതില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ ആവേശം ഫലങ്ങളില്‍ ദൃശ്യമാവുമെന്നും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.
‘ഗോവയില്‍ വലിയ ഭരണവിരുദ്ധ തരംഗമുണ്ട്, അതിനാലാണ് ഇത്രയധികം വോട്ടെടുപ്പ് നടന്നത്. ഇത് കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന് ഞാന്‍ കരുതുന്നു, ഞങ്ങള്‍ക്ക് കേവല ഭൂരിപക്ഷം ലഭിക്കും. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ ബിജെപി മത്സരിപ്പിച്ച സാന്‍ക്വലിമില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് അദ്ദേഹത്തോടുള്ള ജനങ്ങളുടെ രോഷം കൊണ്ടാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നറിഞ്ഞ് മുഖ്യമന്ത്രി നിരാശനായി വീടുവീടാന്തരം കയറിയിറങ്ങുന്നതാണ് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നമ്മള്‍ കണ്ടത്. ഉയര്‍ന്ന വോട്ടിംഗ് ശതമാനം ഞങ്ങളെ സംബന്ധിച്ച് വളരെ നല്ല സൂചനയാണ്. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാവന്തിന് എതിരെ ധര്‍മേഷ് സഗ്ലാനിയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്.
ഗോവയില്‍ 78.94 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 40 അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. സാന്‍ക്വലിം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്(89.61 ശതമാനം). ബെനൗലിമില്‍ മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിംഗ്( 70.2 ശതമാനം). വടക്കന്‍ ഗോവയില്‍ 79 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ തെക്കന്‍ ഗോവയില്‍ 78 ശതമാനമായിരുന്നു പോളിങ്.
Story Highlights: Congress vows to seize power in Goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here