കെഎസ്ഇബി ചെയര്‍മാന്‍ ഫേസ്ബുക് പോസ്റ്റിട്ടത് തന്റെ അറിവോടെയല്ലെന്ന് വൈദ്യുതി മന്ത്രി, വിശദീകരണം ആവശ്യപ്പെട്ടു

കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോക് ഫേസ്ബുക് പോസ്റ്റിട്ടത് തന്റെ അറിവോടെയല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇക്കാര്യത്തില്‍ ചെയര്‍മാനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നാണ് അശോക് തന്നോട് പറഞ്ഞത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല താന്‍ തിരുവനന്തപുരത്തേക്ക് വന്നതെന്നും കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ജീവനക്കാരുടെ ശമ്പളം കൂട്ടിയത്. ഊര്‍ജവകുപ്പ് സെക്രട്ടറിയോട് ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍മന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചെന്നും ചൂണ്ടിക്കാട്ടി നേരത്തേ കെഎസ്ഇ ബി ചെയര്‍മാന്‍ ബി അശോക് രംഗത്തെത്തിയിരുന്നു. മൂന്നാറിലെ ഭൂമി പതിച്ചു നല്‍കിയതില്‍ അഴിമതി നടന്നെന്ന് പറഞ്ഞിട്ടില്ല. ഭൂമി കൈമാറുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് മാത്രമാണ് പറഞ്ഞത്. കഴിഞ്ഞ സര്‍ക്കാരിനെ കുറിച്ചോ മുന്‍ മന്ത്രി എംഎം മണിക്കെതിരെയോ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also :കെഎസ്ഇബി ചെയർമാന്റെ വിമർശനം: താൻ മന്ത്രിയായിരുന്ന സമയത്ത് കെഎസ്ഇബിയുടെ സുവർണകാലമായിരുന്നു; എംഎം മണി
എന്നാല്‍ ക്രമവിരുദ്ധമായി പാട്ടം നല്‍കിയ സംഭവങ്ങളുണ്ടെന്ന വിമര്‍ശനം ബി അശോക് ആവര്‍ത്തിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ അറിയേണ്ടത് അറിഞ്ഞുതന്നെ ചെയ്യണം. ബോര്‍ഡിലെ സുരക്ഷ സര്‍ക്കാര്‍ അറിഞ്ഞുതന്നെയെന്നും ബി അശോക് പറഞ്ഞു. പറഞ്ഞ കാര്യങ്ങളില്‍ ഒരു ബോധ്യക്കുറവുമില്ല. താന്‍ എറ്റവും അധികം ബഹുമാനിക്കുന്ന നേതാവാണ് എംഎം മണിയെന്നും അശോക് അഭിപ്രായപ്രകടനം നടത്തിയിരുന്നു.
അതേസമയം കെഎസ്ഇബി ചെയര്‍മാന്റെ വിമര്‍ശനത്തില്‍ മറുപടിയുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയും രംഗത്തെത്തി. തന്റെ ഭരണ കാലത്ത് എല്ലാം നിയമപരമായാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് പറയാം. വൈദ്യുതി മന്ത്രി അറിഞ്ഞിട്ടാണോ ചെയര്‍മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡില്‍ പൊലീസ് സംരക്ഷണം വേണ്ടി വന്നില്ലെന്നും ഇപ്പോള്‍ വൈദ്യുതി ഭവനില്‍ പൊലീസിനെ കയറ്റേണ്ട നിലയില്‍ കാര്യങ്ങള്‍ എത്തിയെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.
Story Highlights: Minister K Krishnankutty reacts on KSEB controversies.n against bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here