സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു; കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ നില ഗുരുതരം

കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നു സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ നില ഗുരുതരം. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ.ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലുള്ളത്. ഇദ്ദേഹത്തിന്റെ വയറ്റില്‍ ഉള്‍പ്പെടെ പല ആന്തരിക മുറിവുകളുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിനു കെഎസ്ഇബി തടസം നിന്നത് എംഎല്‍എയും സര്‍ക്കാരും കാരണമാണെന്നു ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റു വിളക്കണച്ചു പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധ സമരത്തില്‍ പങ്കാളിയായി. സിപിഎം പ്രവര്‍ത്തകരായ ഒരുപറ്റം ആളുകള്‍ ദീപുവിനെ മര്‍ദിച്ചു. അവശനിലയിലായ ഇയാളെ വാര്‍ഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്.
ഇതിനിടെ വീടിനു മുന്നിലെത്തിയ അക്രമികള്‍, ദീപുവിനു ചികിത്സ നല്‍കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ദീപു രക്തം ഛര്‍ദിക്കുകയും അത്യാസന നിലയിലാകുകയും ചെയ്തു. പഴങ്ങനാടുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ദീപുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.
Story Highlights: kizhakkambalam cpm attack 20 20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here