സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിത കമ്മിഷന്‍

തൃപ്പൂണിത്തറയിലെ പ്രിയം സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമിച്ച് കയറിയയാള്‍ ജീവനക്കാരിയായ യുവതിയുടെ കൈ അടിച്ചൊടിച്ച സംഭവത്തില്‍
കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശം നല്‍കി. സംഭവത്തില്‍ പരുക്കേറ്റ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരി ഷിജിയെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ വിളിച്ച് സംസാരിച്ചു.
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പൊലീസ് കമ്മിഷനെ അറിയിച്ചു. പ്രതി സതീശനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി നേരത്തേ പൊലീസ് വെളിപ്പെടുത്തിയിരുന്നു.
Read Also : സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ജീവനക്കാരിയെ ആക്രമിച്ചയാളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ്
ഇന്നലെ വൈകിട്ട് 3 മണിക്കായിരുന്നു സംഭവം. സതീശന്റെ ഭാര്യ ഏകദേശം 2 മാസം മുമ്പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറിയിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെ ഫോണ്‍ വിളിച്ചപ്പോള്‍ തിരക്ക് കാരണം അവര്‍ കോള്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ഇതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ലാന്‍ ഫോണിലേക്ക് വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഫോണെടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരി നല്ല തിരക്കിലാണെന്നും പിന്നെ വിളിക്കണമെന്നും പറഞ്ഞ് കോള്‍ കട്ട് ചെയ്യുകയായിരുന്നു.
പ്രകോപിതനായ പ്രതി ഭാര്യയെ തേടി 3 മണിക്ക് സൂപ്പര്‍ മാര്‍ക്കറ്റിലെത്തുകയും ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തു. ഇതിന് ശേഷം ജീവനക്കാരിയായ ഷിജിയെ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ കൈയ്ക്ക് ഒടിവുണ്ട്. ഷിജി ആശുപത്രിയില്‍ ചികിത്സ തേടി.
സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി അതിക്രമം കാട്ടിയതിന് ശേഷം പ്രതി ഇതുവരെയും വീട്ടിലെത്തിയിട്ടില്ല. തൃപ്പൂണിത്തറയ്ക്ക് അടുത്തുള്ള എരൂരിലാണ് ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചിരിക്കുന്നത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.
Story Highlights: supermarket Incident; Women’s Commission urges stern action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here