‘കേന്ദ്രപിന്തുണ ഉറപ്പാക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയുടെ കടമ’; കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയുമായി അമരീന്ദര്‍ സിംഗ്

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ മറുപടിയുമായി അമരീന്ദര്‍ സിംഗ്. മുഖ്യമന്ത്രിയെന്ന നിലയില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരുമായി താന്‍ ബന്ധപ്പെട്ടതെന്നാണ് അമരീന്ദര്‍ സിംഗിന്റെ മറുപടി. കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്നത് മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ കടമയായിരുന്നെന്നും അമരീന്ദര്‍ സിംഗ് ട്വന്റിഫോറിനോട് വ്യക്തമാക്കി. ആവശ്യമായ ഘട്ടങ്ങളില്‍ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കാണേണ്ടി വന്നിരുന്നു. പഞ്ചാബിന്റെ നേട്ടത്തിനായി കേന്ദ്രമന്ത്രിമാരെ കാണേണ്ടത് മന്ത്രിമാരുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബിലെ അമരീന്ദരര്‍ സിംഗ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാരാണ് നിയന്ത്രിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടിയുമായാണ് ഇപ്പോള്‍ അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിരിക്കുന്നത്. അമരീന്ദറിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. തകരാറുകള്‍ മനസിലാക്കിയാണ് നേതൃത്വത്തില്‍ സമൂല മാറ്റം വരുത്തിയതെന്നും പ്രിയങ്കാ ഗാന്ധി പ്രസ്താവിക്കുകയായിരുന്നു. ചന്നി ജനങ്ങളില്‍ ഒരാളായി നിന്നുകൊണ്ടാണ് പഞ്ചാബിനെ പുരോഗതിയിലേക്ക് നയിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
Read Also : ‘ദൈവമാക്കാൻ’ 15000 മുതൽ 25000 വരെ; വയനാട്ടിൽ ജ്യോത്സ്യനെ കേന്ദ്രീകരിച്ച് അന്വേഷണം
പഞ്ചാബ് തെരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് എത്ര സീറ്റ് ലഭിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് അമരീന്ദര്‍ സിംഗ് പറഞ്ഞത്. ഈ മാസം 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് വോട്ടെണ്ണും. പഞ്ചാബില്‍ ഇത്തവണ ആംആദ്മി പാര്‍ട്ടിക്കാകും മുന്‍തൂക്കമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. എബിപി ന്യൂസ്‌സി വോട്ടര്‍ സര്‍വേയിലാണ് ആംആദ്മി 55 മുതല്‍ 63 സീറ്റ് വരെ നേടുമെന്ന് പ്രവചനം. സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയെ അവതരിപ്പിച്ച കോണ്‍ഗ്രസിന് 24 മുതല്‍ 30 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ശിരോമണി അകാലിദള്‍ 20 മുതല്‍ 26 വരെ സീറ്റ് നേടും. മൂന്ന് മുതല്‍ 11 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രണ്ട് മുന്‍നിര സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലാണെന്നും സര്‍വേ പറയുന്നു.
Story Highlights: amarinder singh reply congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here