Advertisement

കെഎസ്ഇബി സമരം ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ണായക രാഷ്ട്രീയ ചര്‍ച്ച ഇന്ന്

February 17, 2022
1 minute Read

കെ.എസ്.ഇ.ബിയിലെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള നിര്‍ണായക രാഷ്ട്രീയ ചര്‍ച്ച ഇന്ന്. ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വിളിച്ച ചര്‍ച്ചയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, സി.ഐ.ടി.യു നേതാവ് എളമരം കരീം തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചെയര്‍മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ച അതീവ നിര്‍ണായകമാകുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചര്‍ച്ച നടക്കുക.

ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിന് രാഷ്ട്രീയ ചര്‍ച്ച വിളിച്ചുചേര്‍ത്തിരിക്കുന്നത്. കെ.എസ്.ഇ.ബി ആസ്ഥാനത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്.ഐ.എസ്.എഫുകാരെ പിന്‍വലിക്കാനുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബോര്‍ഡില്‍ എസ്.ഐ.എസ്.എഫ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ നടപടിയെടുത്തേക്കുമെന്നാണ് വിവരം. പ്രശ്‌നത്തിന് പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നിലവില്‍ സംഘടനകള്‍.

Read Also : സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാം, സുരക്ഷിതമായി; ഒന്നാം സ്ഥാനത്ത് മദിന, മൂന്നാം സ്ഥാനത്ത് ദുബായിയും..

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ ബി അശോക് അധികാര ദുര്‍വിനിയോഗം നടത്തി ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് ഇടതുയൂണിയന്‍ ആരോപിക്കുന്നത്. എന്നാല്‍ എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കോടികളുടെ അഴിമതിക്ക് ഇടതു യൂണിയനുകള്‍ കൂട്ടുനിന്നെന്നാണ് ചെയര്‍മാന്റെ ആരോപണം. ചെയര്‍മാന്റെ ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെയാണ് രാഷ്ട്രീയ വിവാദം കനക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പില്‍ വന്‍ അഴിമതിയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. കെ.എസ്.ഇ.ബി ചെയര്‍മാന്റെ പരാമര്‍ശങ്ങളില്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതിയെന്ന പ്രതിപക്ഷ ആരോപണം സത്യമെന്ന് തെളിഞ്ഞു. കെ.എസ്.ഇ.ബി പാര്‍ട്ടി ഓഫിസ് പോലെ പ്രവര്‍ത്തിച്ചു. പുതിയ മന്ത്രി പഴയ മാന്തിയെ വിരട്ടുന്നു. എം എം മണിയുടെ ഭീഷണിപ്പെടുത്തല്‍ ചെയര്‍മാന്റെ ഭീഷണിപ്പെടുത്തലില്‍ ഭയമുള്ളതിനാലാണ്. പ്രതിപക്ഷം 600 കോടി രൂപ നഷ്ടം വരുത്തിയതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

കെ എസ് ഇ ബിയില്‍ നടന്നത് കോടികളുടെ അഴിമതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രസ്താവിച്ചിരുന്നു. മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം എം മണിയും സഹോദരന്‍ ലംബോധരനും ഉണ്ടാക്കിയത് കോടികളെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടും മുഖ്യമന്തി മിണ്ടുന്നില്ല. ലാലു പ്രസാദ് യാദവിനെപ്പോലെയാണ് എം എം മണിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കെ എസ് ഇ ബി അഴിമതി വിവരങ്ങള്‍ കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ.ബി.അശോക് തന്നെ അക്കമിട്ട് നിരത്തിയ സാഹചര്യം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ കെ എസ് ഇ ബിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതികളില്‍ സമഗ്ര അന്വേഷണം വേണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Story Highlights: kseb protest political discussion today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top