രഞ്ജി ട്രോഫി: അരങ്ങേറ്റം തകർത്ത് ഏദൻ; ശ്രീശാന്തിന് രണ്ട് വിക്കറ്റ്; കേരളത്തിനെതിരെ മേഘാലയ 148നു പുറത്ത്

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിനെതിരെ മേഘാലയക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മേഘാലയ 148 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. 4 വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റക്കാരനായ ഏദൻ ആപ്പിൾ ടോം ആണ് മേഘാലയയെ തകർത്തത്. ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ട് വിക്കറ്റും വീഴ്ത്തി. 93 റൺസെടുത്ത ക്യാപ്റ്റൻ പുനീത് ബിശ്ത് ആണ് മേഘാലയയുടെ ടോപ്പ് സ്കോറർ.
10 റൺസെടുക്കുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായ മേഘാലയ ബാറ്റർമാരെ നിലയുറപ്പിക്കാൻ കേരളം അനുവദിച്ചില്ല. കിഷനിലൂടെ തൻ്റെ വിക്കറ്റ് വേട്ട ആരംഭിച്ച ഏദൻ സിജി ഖുറാന, ഡിപ്പു, ആകാശ് കുമാർ എന്നിവരെയും മടക്കി അയച്ചു. പുനീത് ബിശ്തിൻ്റെ ആക്രമണാത്മക ബാറ്റിംഗാണ് മേഘാലയയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 90 പന്തുകൾ 93 റൺസെടുത്ത മുൻ ഡൽഹി വിക്കറ്റ് കീപ്പറെ ഒടുവിൽ ഉണ്ണികൃഷ്ണൻ മനുകൃഷ്ണനാണ് മടക്കിയത്. ആര്യൻ, ചെങ്കം സങ്ക്‌മ എന്നിവരുടെ വിക്കറ്റുകളാണ് ശ്രീശാന്ത് നേടിയത്.
17 വയസ്സുകാരനായ ഏദൻ ആപ്പിൾ ടോം കഴിഞ്ഞ വർഷത്തെ കൂച്ച് ബെഹാർ ട്രോഫിയിൽ 15 വിക്കറ്റുകൾ നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ടൂർണമെൻ്റിൽ കേരളത്തിനായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായിരുന്നു ഈ 17 വയസ്സുകാരൻ.
Story Highlights: meghalaya 148 allout kerala ranji trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here