Advertisement

സിൽവർ ലൈൻ; കല്ലിടലിനെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം; പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും

February 17, 2022
Google News 2 minutes Read

സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോ​ഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും ആണ് പ്രതിഷേധിച്ചത്. തുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു.

ഇതിനിടയിൽ പ്രതിഷേധത്തിനെത്തിയ സ്ത്രീയെ ഉദ്യോ​ഗസ്ഥ അപമാനിച്ചെന്ന് പരാതി ഉയർന്നു. ഇവർ മാപ്പ് പറയണമെന്നാവശ്യമുയർത്തി വീണ്ടും പ്രതിഷേധം ഉണ്ടായി. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേക്കും കല്ലിടലിനുമെതിരെ വിവിധ ജില്ലകളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പരിപാടികൾ തുടരുകയാണ്.

സിൽവർലൈൻ പദ്ധതിയുടെ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി റദ്ദാക്കിയിരുന്നു. പരാതിക്കാരുടെ ഭൂമിയിലെ സർവേ തടഞ്ഞ ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. ഇതോടെ സർവേ നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ലെന്നായിരുന്നു ഉത്തരവ്.

Read Also : സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയെന്നത് വ്യാജ പ്രചാരണം: വി.ഡി സതീശൻ

സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായി സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്തുന്നതിൽ തെറ്റെന്താണെന്ന് ഡിവിഷൻ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. നിലവിലെ അലൈൻമെന്റിനു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിർത്തി വെക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പദ്ധതിയുടെ ഡിപിആറിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഡിപിആർ സംബന്ധിച്ച്​ സംസ്ഥാന സർക്കാരിൽ നിന്നു കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

Story Highlights: protest against silver line project at kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here