Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (17/02/22)

February 17, 2022
2 minutes Read

മലബാർ സിമന്‍റ്സ് എംഡി രാജിക്കത്ത് നൽകി

മലബാർ സിമന്‍റ്സ് എംഡി മുഹമ്മദ് അലി വ്യവസായ വകുപ്പിന് രാജിക്കത്ത് നൽകി. മാർച്ച് 31 വരെയേ സ്ഥാനത്ത് തുടരുകയുള്ളൂ എന്ന് മുഹമ്മദ് അലി രാജിക്കത്തിൽ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിശദീകരണം. തൊഴിലാളി യൂണിയനുകളുടെ സമ്മർദമാണ് രാജിക്ക് കാരണമെനനന്നാണ് സൂചന. തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചു എന്നാരോപിച്ച് സി.ഐ.ടി.യു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു.

തൃപ്പൂണിത്തുറയില്‍ സി.ഐ.ടി.യു-ഐ.എന്‍.ടി.യു.സി-ബി.എം.എസ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരുക്ക്

തൃപ്പൂണിത്തുറയില്‍ ട്രേഡ് യൂണിയന്‍ സംഘര്‍ഷം. സി.ഐ.ടി.യു, ബി.എം.എസ്, ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഫ്‌ലാറ്റ് പണിയുന്നിടത്തെ തൊഴില്‍ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുക്രൈനിലെ യുദ്ധഭീതി കണക്കിലെടുത്താണ് തീരുമാനം. റഷ്യ-യുക്രൈൻ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നിരുന്നു. യുക്രൈനിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു. അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കലാണ് കേസില്‍ നിന്നും പിന്മാറിയിരിക്കുന്നത്. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഇദ്ദേഹം നിലപാടറിയിച്ചിട്ടുണ്ട്. സ്വപ്നയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെയാണ് അഭിഭാഷകന്റെ പിന്മാറ്റമെന്നതാണ് ഏറ്റവും ശ്രദ്ധേയം. വക്കാലത്തൊഴിയാനുള്ള കാരണം പുറത്തുപറയാനാകില്ലെന്ന നിലപാടിലാണ് അഭിഭാഷകന്‍.

കോട്ടയം പ്രദീപിന് അന്ത്യാഞ്ജലി; മൃതദേഹം വീട്ടിലെത്തിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച നടന്‍ കോട്ടയം പ്രദീപിന്റെ മൃതദേഹം കുമാരനല്ലൂരിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലേക്കെത്തുന്നത്.

സിൽവർ ലൈൻ; കല്ലിടലിനെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം; പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും

സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോ​ഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും ആണ് പ്രതിഷേധിച്ചത്. തുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു.

കൊവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരായ ഹര്‍ജി: എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

പരിശോധന നിരക്കുകള്‍ കുറച്ചതിനെതിരെ ലാബ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഏകപക്ഷീയമായി നിരക്കുകള്‍ കുറച്ച നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകള്‍ കോടതിയെ സമീപിച്ചത്. ലാബ് ഉടമകളുടെ ഹര്‍ജി അടുത്തമാസം മൂന്നിന് ഹൈക്കോടതി പരിഗണിക്കും. ഈ പശ്ചാത്തലത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദമായ എതിര്‍സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് 8655 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 13.38 ടിപിആർ

  • എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ
  • 24 മണിക്കൂറിനിടെ 18 മരണങ്ങൾ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8655 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22,707 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകൾ പരിശോധിച്ചു. 13.38 ആണ് ടിപിആർ. ( kerala reports 8655 covid cases )

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top