കോലി തുടങ്ങി; പന്തും വെങ്കടേഷും തീർത്തു: ഇന്ത്യക്ക് മികച്ച സ്കോർ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസാണ് നേടിയത്. ഇന്ത്യക്കായി ഋഷഭ് പന്തും വിരാട് കോലിയും ഫിഫ്റ്റിയടിച്ചു. വിൻഡീസ് നിരയിൽ റോസ്റ്റൺ ചേസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഇഷൻ കിഷനെ (2) ഷെൽഡൻ കോട്രൽ കെയിൽ മയേഴ്സിൻ്റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ രോഹിത്-കോലി സഖ്യം 49 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. രോഹിത് ടൈമിങ് കണ്ടെത്താൻ വിഷമിച്ചപ്പോൾ കോലി തകർപ്പൻ ഫോമിലായിരുന്നു. എട്ടാം ഓവറിൽ കൂറ്റനടിക്ക് ശ്രമിച്ച രോഹിതിനു (19) പിഴച്ചു. ഇന്ത്യൻ ക്യാപ്റ്റനെ റോസ്റ്റൻ ചേസിൻ്റെ പന്തിൽ ബ്രാൻഡൻ കിങ് പിടികൂടിയതോടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിച്ചു. ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും റോസ്റ്റൺ ചേസിനു റിട്ടേൺ ക്യാച്ച് നൽകി സൂര്യകുമാർ യാദവ് (8) വേഗം മടങ്ങി.
അഞ്ചാം നമ്പറിലെത്തിയ ഋഷഭ് പന്ത് താളം കണ്ടെത്തിയതോടെ ഇന്ത്യ വീണ്ടും ട്രാക്കിലെത്തി. 34 റൺസാണ് സഖ്യം നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 39 പന്തുകളിൽ കോലി ഫിഫ്റ്റി തികച്ചു. അതേ ഓവറിൽ തന്നെ മുൻ നായകൻ പുറത്ത്. 41 പന്തിൽ 52 റൺസെടുത്ത കോലിയെ റോസ്റ്റൺ ചേസ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ വിക്കറ്റിൽ പന്തിനൊപ്പം വെങ്കടേഷ് അയ്യർ എത്തിയതോടെ ഇന്ത്യ കുതിച്ചു. തുടക്കം മുതൽ ആക്രമിച്ച് കളിച്ച വെങ്കടേഷും പന്തും ചേർന്ന് വിൻഡീസ് ബൗളർമാരെ പിച്ചിച്ചീന്തി. 76 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് സഖ്യം അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. അവസാന ഓവറിൽ വെങ്കടേഷ് വീണു. 18 പന്തിൽ 31 റൺസെടുത്ത താരത്തെ റൊമാരിയോ ഷെപ്പേർഡ് ക്ലീൻ ബൗൾഡാക്കി. 27 പന്തിൽ ഫിഫ്റ്റിയടിച്ച പന്ത് പുറത്താവാതെ നിന്നു.
Story Highlights: india big score west indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here