Advertisement

കെ.എസ്.ഇ.ബി സമരം തീരുന്നു; ജീവനക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി

February 18, 2022
1 minute Read

പട്ടം വൈദ്യുതി ഭവന് മുന്നില്‍ ദിവസങ്ങളായി തുടരുന്ന കെ.എസ്.ഇ.ബി സമരം തീരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാന്‍ ധാരണയായി. തീരുമാനം സംഘടനാ നേതാക്കള്‍ സമരപന്തലില്‍ ഉടന്‍ പ്രഖ്യാപിക്കും. ഇന്നലെ നടന്ന ഇടതുമുന്നണി രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ശേഷം സംഘടനകളുമായി ചര്‍ച്ച നടത്താന്‍ വൈദ്യുത മന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.

ഉച്ചയ്ക്ക് 12 മണിക്കാണ് സംഘടനാ നേതാക്കളുമായി വൈദ്യുത മന്ത്രി ചര്‍ച്ച നടത്തിയത്. ജീവനക്കാര്‍ ഉന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങളും പരിഗണിക്കുമെന്നും വിശദമായി പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നുള്ള ഉറപ്പാണ് മന്ത്രി സംഘടനകള്‍ക്ക് നല്‍കിയത്.

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ ബി അശോക് അധികാര ദുര്‍വിനിയോഗം നടത്തി ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് ഇടതുയൂണിയന്‍ ആരോപിച്ചിരുന്നത്. എന്നാല്‍ എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കോടികളുടെ അഴിമതിക്ക് ഇടതു യൂണിയനുകള്‍ കൂട്ടുനിന്നെന്നായിരുന്നു ചെയര്‍മാന്റെ ആരോപണം. ചെയര്‍മാന്റെ ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ രാഷ്ട്രീയ വിവാദം കനക്കുകയായിരുന്നു.

ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തിയ സമരം നീണ്ടുപോയ പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിന് ഇന്നലെ രാഷ്ട്രീയ ചര്‍ച്ച വിളിച്ചുചേര്‍ത്തത്. കെ.എസ്.ഇ.ബി ആസ്ഥാനത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്.ഐ.എസ്.എഫുകാരെ പിന്‍വലിക്കാച്ചുകൊണ്ടുള്ള ഒരു സമവായ ഫോര്‍മുലയിലേക്കാണ് ഇന്നലെ നടന്ന രാഷ്ട്രീയ ചര്‍ച്ച എത്തിച്ചേര്‍ന്നത്.

ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വിളിച്ച ചര്‍ച്ചയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, സി.ഐ.ടി.യു നേതാവ് എളമരം കരീം തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചെയര്‍മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നത്.

Story Highlights: kseb strike minister k krishnankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top