Advertisement

മധു കൊലക്കേസ് ഇന്ന് കോടതി പരിഗണിക്കും; സി രാജേന്ദ്രന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

February 18, 2022
Google News 1 minute Read

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസ് മണ്ണാര്‍ക്കാട് എസ് സി-എസ് ടി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസില്‍ സര്‍ക്കാര്‍ പുതിയതായി നിയോഗിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. രാജേന്ദ്രന്‍ കോടതിയില്‍ ഹാജരാകും. മുന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിടി രഘുനാഥ് മുന്‍പ് കോടതിയില്‍ ഹാജരാകാതിരുന്നത് വിവാദമായിരുന്നു.. മധു കൊല്ലപ്പെട്ടിട്ട് നാലു വര്‍ഷമായിട്ടും വിചാരണ നടപടികള്‍ വൈകുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പുറമെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വിടി രഘുനാഥ് ഒഴിയാന്‍ ശ്രമിച്ച് കേസില്‍ ഹാജരാകാതെ വന്നതും വിവാദമായി. തുടര്‍ന്നാണ് മധുവിന്റെ കുടുംബത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതി അഭിഭാഷകനായ സി രാജേന്ദ്രനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.പാലക്കാട്ടെ അഭിഭാഷകന്‍ രാജേഷ് എം മേനോനാണ് അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.ഇരുവരും ഇന്ന് കോടതിയില്‍ ഹാജരാകും.കേസില്‍ 16 പ്രതികളാണുള്ളത്

മധു കേസ് മാര്‍ച്ച് 26ന് പരിഗണിക്കുമെന്നായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് വിചാരണ നടപടികള്‍ നേരത്തെയാക്കുകയായിരുന്നു. കേസിന്റെ ആദ്യ രൂപത്തില്‍ പൊലീസ് ചാര്‍ജ് ഷീറ്റിനൊപ്പം നല്‍കേണ്ടിയിരുന്ന മുഴുവന്‍ ഡിജിറ്റല്‍ രേഖകളുടെയും കോപ്പി പ്രതികള്‍ക്ക് നല്‍കിയിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഈ തെളിവുകളുടെ രേഖകള്‍ ഓരോരുത്തര്‍ക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ തെളിവുകളുടെ കോപ്പി നല്‍കിയതിന് ശേഷമേ വിചാരണ പുനരാരംഭിക്കാനാകൂ എന്നും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനും ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാനുമൊക്കെയുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കാനാകൂവെന്നും പ്രോസിക്യൂട്ടര്‍ വിമര്‍ശനം നേരിട്ട ഘട്ടത്തില്‍ പറഞ്ഞിരുന്നു. പൊലീസ് ഇതുവരെ ആ കോപ്പികള്‍ നല്‍കിയിട്ടില്ല. ഇതിന് കാലതാമസം നേരിടുകയാണെന്നുമായിരുന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞത്.

2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്.നാലു വര്‍ഷമായിട്ടും കേസിന്റെ വിചാരണ നടപടികള്‍ വൈകുന്നതില്‍ മധുവിന്റെ കുടുബം കടുത്ത അതൃപ്തിയിലാണ്. മുക്കാലി പൊട്ടിക്കല്‍ ഗുഹയില്‍ കഴിഞ്ഞിരുന്ന മധു 2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദനത്തിനും ഇരായായത്.

Story Highlights: madhu murder case in court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here