മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന പ്രഖ്യാപനത്തിൽ എതിർപ്പ്; തമിഴ്നാട് സുപ്രിംകോടതിയിലേക്ക്

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുമെന്ന പരാമർശത്തിനെതിരെ തമിഴ്നാട് സുപ്രിംകോടതിയിലേക്ക്. കേരളത്തിന്റെ പുതിയ പ്രഖ്യാപനത്തെ എതിർക്കുമെന്ന് മന്ത്രി ദുരൈ മുരുകൻ വ്യക്തമാക്കി. പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന പ്രഖ്യാപനം സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. കേരളത്തിന്റെ പ്രഖ്യാപനം ഏകപക്ഷീയമാണ്. മുല്ലപ്പെരിയാർ സംബന്ധിച്ച് തമിഴ്‌നാടിന്റെ ഉടമസ്ഥാവകാശം ഒരു കാരണവശാലും വിട്ടുനൽകില്ല. മുല്ലപ്പെരിയാറിന് ബലക്ഷയമില്ലെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയതാണ്. സുപ്രിംകോടതി വിധിയുടെ ലംഘനമാണ് കേരള സർക്കാർ ചെയ്തിരിക്കുന്നതെന്നും അതിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ദുരൈ മുരുകൻ പ്രസ്താവനയിലൂടെ അറിയിച്ചു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പരാമർശിച്ചിരുന്നു. തമിഴ്‌നാടുമായി ചർച്ച തുടരുമെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read Also : ‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയും’; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ
അതേസമയം മുല്ലപ്പെരിയാര്‍ കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രിം കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ചിരുന്നു. ബലപ്പെടുത്തല്‍ നടപടികള്‍ കൊണ്ട് 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാന്‍ കഴിയില്ലെന്നും പരിസ്ഥിതി മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് കേരളത്തിന്റെ വാദം.ജലനിരപ്പ് 142 അടിയാക്കാന്‍ അനുമതി നല്‍കിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നും ആവശ്യമെങ്കില്‍ വിശാലബെഞ്ചിന് വിടണമെന്നും കേരളം സുപ്രിം കോടതിയില്‍ അറിയിച്ചിരുന്നു. കേരളത്തിന് സുരക്ഷയും, തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങള്‍ ഉണ്ടാകേണ്ടത്. മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍ അടക്കമുള്ള നിര്‍ദേശങ്ങളും കേരളം മുന്നോട്ടുവച്ചു. പൊതുതാത്പര്യഹര്‍ജികളില്‍ സുപ്രിംകോടതി വാദം തുടങ്ങാനിരിക്കെയാണ് കേരളം നിലപാട് അറിയിച്ചത്.
Story Highlights: Mullaperiyar dam- Tamil Nadu- Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here