റെഡ് സല്യൂട്ട്; വിഎസിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെ

സമരകേന്ദ്രങ്ങളുടെ വിപ്ലവ സൂര്യന് വിട ചൊല്ലാൻ മലയാളികൾ. വിഎസ് അച്യുതാനന്ദന് പുന്നപ്ര വയലാർ രക്തസാക്ഷികൾക്ക് അരികെയാണ് അന്ത്യവിശ്രമം ഒരുങ്ങുന്നത്. നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് വിലാപ യാത്ര പുറപ്പെടും. രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ മൃതദേഹം എത്തിക്കും. ബുധൻ രാവിലെ 9 മണി വരെ വീട്ടിലും തുടർന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും.
ബുധനാഴ്ച 11 മണി മുതൽ വൈകിട്ട് മൂന്ന് വരെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വലിയചുടുകാട്ടിൽ സംസ്കാരം നടക്കും. ഇന്ന് ഉച്ച കഴിഞ്ഞ് 3.20നാണ് വിഎസിന് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു.
ആശുപത്രിയിൽ നിന്ന് മൃതദേഹം തിരുവനന്തപുരം എകെജി പഠന കേന്ദ്രത്തിലെത്തിച്ചു. ഇവിടുത്തെ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് ഭൗതികദേഹം എത്തിക്കും. തുടർന്ന് നാളെ ദർബാർ ഹാളിലേക്കും പിന്നീട് ആലപ്പുഴയിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടു പോകും.
Story Highlights : VS’s final resting place is being prepared next to Punnapra Vayalar martyrs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here