പഞ്ചാബ് തെരഞ്ഞെടുപ്പ് 2022; സിഖ് നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന സിഖ് നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സിഖ് ദേവാലയമായ കർതാർപൂർ സാഹിബ് 1947-ലെ വിഭജന സമയത്ത് ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് ഉറപ്പാക്കുന്നതിൽ അന്ന് രാജ്യം ഭരിച്ച കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി സിഖ് ആത്മീയ നേതാക്കളോട് പറഞ്ഞു.വിഭജനകാലത്ത് ആറ് കിലോമീറ്റർ അകലെയുള്ള കർത്താപ്പൂർ ഇന്ത്യയിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല. ഞങ്ങൾ അധികാരത്തിൽ എത്തിയ ശേഷം ഈ വിഷയം ഗൗരവമായി എടുത്തു.
പഞ്ചാബ് സന്ദർശനത്തിനിടെ പലതവണ ബൈനോക്കുലർ വഴി ഞാൻ കർതാർപൂർ സാഹിബ് നോക്കി നിൽക്കുമായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കർതാർപ്പൂർ ഇടനാഴി സാധ്യമായത്. കർതാർപ്പൂർ സാഹിബിൻ്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് അന്നേ ഉറപ്പിച്ചിരുന്നു. എന്തായാലും ഗുരുക്കൻമാരുടെ അനുഗ്രഹത്തോടെ പുണ്യകരമായ ആ ദൗത്യം പൂർത്തിയാക്കാനായി.ഭക്തിയോടെയല്ലാതെ ഇങ്ങനെയൊരു പ്രവൃത്തി ആർക്കും സാധ്യമാകില്ല – സിഖ് ആത്മീയ നേതാക്കളോടായി മോദി പറഞ്ഞു.
ഗുരു ഗ്രന്ഥ സാഹിബ് ഞങ്ങളുടെയെല്ലാം ജീവിതത്തിൽ വിലമതിക്കാനാവാത്തതാണ്. ഗുരു ഗോവിന്ദ് സിങ്ങിന്റെ പഞ്ച് പ്യാരിൽ ഒരാൾ ഗുജറാത്തിൽ നിന്നുള്ള ആളായതിനാൽ എനിക്ക് നിങ്ങളുമായി രക്തബന്ധമുണ്ടെന്ന് അഭിമാനത്തോടെ പറയാനാവും – സിഖ് നേതാക്കളോടായി പ്രധാനമന്ത്രി പറഞ്ഞു.
ഗുരു ഗ്രന്ഥ സാഹിബ് അഫ്ഗാനിസ്ഥാനിൽ നിന്ന് അഭിമാനത്തോടെ തിരികെ കൊണ്ടുവരണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ഇതിനായി ആവശ്യമായ ക്രമീകരണങ്ങൾ നയതന്ത്ര തലത്തിൽ ഇടപെട്ട് ചെയ്തു. പ്രത്യേക വിമാനം തന്നെ വിട്ടു നൽകി. അർഹിച്ച ബഹുമാനത്തോടെ അത് തിരികെ കൊണ്ടുവരാൻ ഞാൻ ഞങ്ങളുടെ മന്ത്രിമാരോട് ആവശ്യട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Story Highlights: pm-modi-met-senior-sikh-leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here