ഹങ്കർഗേക്കർ പ്രായത്തട്ടിപ്പ് നടത്തി; അണ്ടർ 19 താരത്തിനെതിരെ ഗുരുതര വെളിപ്പെടുത്തൽ

അണ്ടർ 19 ലോകകപ്പ് ടീമിൽ കളിച്ച രാജവർധൻ ഹങ്കർഗേക്കർ പ്രായത്തട്ടിപ്പ് നടത്തിയെന്ന് വെളിപ്പെടുത്തൽ. മഹാരാഷ്ട്ര സ്പോർട്ട്സ് ആൻഡ് യൂത്ത് ഡിപ്പാർട്ട്മെൻ്റ് കമ്മീഷണർ ഓംപ്രകാശ് ബകോരിയ ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇക്കാര്യത്തിൽ അദ്ദേഹം ബിസിസിഐക്ക് കത്തയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹങ്കർഗേക്കർക്ക് 21 വയസ് ഉണ്ടെന്നാണ് റിപ്പോർട്ട്. താരത്തെ എട്ടാം ക്ലാസിൽ പഠിക്കാനായി ചേർക്കവേ താരത്തിൻ്റെ ജന്മദിനം 2001 ജനുവരി 10ൽ നിന്ന് 2002 നവംബർ 10ലേക്ക് മാറ്റി. മറാത്തി ദിനപത്രം സാമനയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അണ്ടർ 19 ലോകകപ്പിൽ 6 മത്സരങ്ങൾ കളിച്ച താരം അഞ്ച് വിക്കറ്റാണ് നേടിയത്. വാലറ്റത്ത് കൂറ്റൻ ഷോട്ടുകൾ കളിക്കാൻ ശേഷിയുള്ള താരം കൂടിയാണ് ഹങ്കർഗേക്കർ. അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച താരത്തെ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ ലേലത്തിൽ ടീമിലെടുത്തിരുന്നു. ഒന്നര കോടി രൂപയാണ് താരത്തിനായി ചെന്നൈ മുടക്കിയത്.
മഹാരാഷ്ട്രയിലെ തുൽജാപൂരിൽ ജനിച്ച ഹങ്കർഗേക്കർ ഓഫ് സ്പിന്നറായാണ് കളി തുടങ്ങിയതെങ്കിലും പിന്നീട് ഫാസ്റ്റ് ബൗളിംഗിലേക്ക് തിരിയുകയായിരുന്നു. കൊവിഡ് ബാധിച്ച് പിതാവിനെ നഷ്ടമായ താരം പാടത്ത് പണിയെടുത്താണ് പരിശീലനത്തിനും മറ്റുമുള്ള പണം കണ്ടെത്തിയിരുന്നത്.
Story Highlights: Rajvardhan Hangargekar accused of age fudging
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here