ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ചുറി; റെക്കോർഡ് നേട്ടവുമായി ബിഹാർ താരം

ഫസ്റ്റ് ക്ലാസ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ താരമായി ബിഹാർ താരം സക്കീബുൽ ഗനി. മിസോറമിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് 22കാരനായ താരം റെക്കോർഡ് നേട്ടത്തിലെത്തിയത്. 405 പന്തുകൾ നേരിട്ട താരം 341 റൺസ് നേടി പുറത്തായി. 56 ബൗണ്ടറിയും രണ്ട് സിക്സറും അടങ്ങുന്നതാണ് ബിഹാർ താരത്തിൻ്റെ ഇന്നിംഗ്സ്.
3 വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിൽ നിൽക്കെ ക്രീസിലെത്തിയ ഗനി നാലാം വിക്കറ്റിൽ ബാബുൽ കുമാറിനൊപ്പം ചേർന്ന് 538 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ബിഹാർ സ്കോർ 609 റൺസിലെത്തിയപ്പോഴാണ് ഗനി പുറത്തായത്. ബാബുൽ കുമാർ 229 റൺസെടുത്ത് പുറത്താവാതെ നിന്നു. 5 വിക്കറ്റ് നഷ്ടത്തിൽ 686 റൺസെടുത്ത് ബിഹാർ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
അരങ്ങേറ്റ ഫസ്റ്റ് ക്ലാസ് മത്സരത്തിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്‌കോറും ഈ ഇന്നിംഗ്സോടെ ഗനി തിരുത്തിയെഴുതി. മധ്യപ്രദേശിന്റെ അജയ് റൊഹേരയുടെ റെക്കോർഡാണ് ബിഹാർ താരം പഴങ്കഥയാക്കിയത്. 2018-19 രഞ്ജി സീസണിൽ 267 റൺസ് ആണ് അരങ്ങേറ്റ മത്സരത്തിൽ അജയ് റൊഹേര കണ്ടെത്തിയത്.
Story Highlights: sakibul gani record score ranji trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here