Advertisement

അഞ്ചാം വയസില്‍ പ്രസവിച്ച ലിന മെദീന; ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ…!

February 18, 2022
Google News 2 minutes Read

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയ്ക്ക് പ്രായം അഞ്ചു വയസ്… ഒരുപക്ഷേ വിശ്വസിക്കാന്‍ കഴിയില്ല. അതെ.. വെറും അഞ്ചാം വയസില്‍ പ്രസവിച്ച പെണ്‍കുട്ടിയാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ.. ഒന്നാലോചിച്ച് നോക്കൂ.. കളിച്ച് ചിരിച്ച് നടക്കേണ്ട കുട്ടിക്കാലം.. ലൈംഗികത എന്താണെന്നോ ഒരാള്‍ പ്രസവത്തിലൂടെയാണ് ഈ ഭൂമിയിലേക്ക് വരുന്നതെന്നോ അറിയാത്ത പ്രായം. സമൂഹത്തില്‍ നടക്കുന്ന ഒന്നിനെക്കുറിച്ചും അറിയേണ്ടാത്ത സമയം. ആ പ്രായത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി പരിപാലിക്കേണ്ടി വരുന്ന, അമ്മയെന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് കുട്ടിക്കാലത്തെ മനോഹരനിമിഷങ്ങള്‍ കിട്ടാതെ പോയ, ഒരുവള്‍. ചരിത്രം രേഖപ്പെടുത്തിയ പെറുവിലെ ലിന മെദീനയെന്ന സ്ത്രീ.

ട്യൂമറെന്ന് കരുതിയെങ്കിലും തെറ്റുപറ്റി

പെറുവിലെ ടിക്രാപോയില്‍ 1933ലാണ് ലിന മെദിന ജനിക്കുന്നത്. ലിനയുടെ അഞ്ചാം വയസില്‍ അവളുടെ വയര്‍ അസാധാരണമായി വീര്‍ക്കാന്‍ തുടങ്ങി. മാതാപിതാക്കള്‍ അവളെ ഡോക്ടറെ കാണിച്ചു. അവള്‍ക്ക് വയറ്റില്‍ ട്യൂമറാണെന്ന വിലയിരുത്തലിലാണ് ഡോക്ടര്‍മാര്‍ എത്തിയത്. എന്നാല്‍ ഏഴ് മാസം കഴിഞ്ഞപ്പോള്‍ ശസ്ത്രലോകത്തെ ഞെട്ടിപ്പിച്ച് കൊണ്ട് ആ സത്യം ഏവരും മനസിലാക്കി. അവള്‍ ഗര്‍ഭിണിയാണെന്ന്. തുടര്‍ന്ന് 1939 മെയ് 14ന് അവളൊരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുത്തു. അഞ്ചുവയസും ഏഴ് മാസവും 21 ദിവസവുമായിരുന്നു അന്ന് ലിനയുടെ പ്രായം. മൂന്നുകിലോയ്ക്കടുത്തായിരുന്നു കുഞ്ഞിന്റെ ഭാരം. അവന് ജെറാര്‍ഡോ എന്ന് പേര് നല്‍കി.
സാധാരണ പ്രസവം പോലെ കുറച്ചുദിവസങ്ങള്‍ക്കകം തന്നെ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. ലിന തന്റെ ചേച്ചിയാണെന്നായിരുന്നു ആദ്യ ജെറാര്‍ഡോ വിശ്വസിച്ചിരുന്നത്. പിന്നീട് പത്തുവയസുള്ളപ്പോഴാണ് ലിനയാണ് തന്റെ അമ്മയെന്ന് അവന്‍ മനസിലാക്കുന്നത്.

ലിനയ്ക്ക് ഒരു ആണ്‍കുഞ്ഞു കൂടി പിറന്നു

1972ല്‍ ലിന വിവാഹിതയായി. അതില്‍ അവള്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്. ഇതിനിടെ ജെറാര്‍ഡോ തന്റെ 40-ാം വയസില്‍ അസുഖബാധിതനായി മരിച്ചു. ഋതുമതിയായ ഒരു പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടാകുന്ന വളര്‍ച്ച അഞ്ചാം വയസിലെ ലിനുടെ ഗര്‍ഭപാത്രത്തിനുണ്ടായിരുന്നു. അതിനാലാണ് അവള്‍ ഗര്‍ഭിണിയായത്. എന്നാല്‍ എന്തുകൊണ്ട് ലിനയ്ക്കിത് സംഭവിച്ചു. എങ്ങനെ അവള്‍ ഗര്‍ഭിണിയായി എന്നതാണ് സ്വാഭാവികമായും ഉയരുന്ന ചോദ്യം. ഇതറിയാന്‍ പ്രികോഷ്യസ് പ്യൂബേര്‍ട്ടി എന്ന രോഗാവസ്ഥയെക്കുറിച്ച് അറിയേണ്ടതുണ്ട്.

പ്രികോഷ്യസ് പ്യൂബേര്‍ട്ടി

എട്ട്-ഒമ്പത് വയസിനുള്ളില്‍ കുട്ടികളില്‍ കാണുന്ന രോഗാവസ്ഥയാണിത്. ഒരു വയസുള്ള പെണ്‍കുഞ്ഞ് ഋതുമതിയായി എന്നൊക്കെ കേട്ടിട്ടില്ലേ, ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പ്രികോഷ്യസ് പ്യൂബേര്‍ട്ടി സ്ഥിരീകരിക്കുന്നവര്‍ക്ക് ശരീര വളര്‍ച്ച പെട്ടെന്നാകാം സംഭവിക്കുന്നത്. പ്രത്യുല്‍പാദന ശേഷി ഇത്തരക്കാര്‍ക്ക് ചെറിയ വയസില്‍ തന്നെ കൈവരിക്കാനാകുമെന്നതാണ് രോഗത്തിന്റെ സവിശേഷത. ഇതാണ് ലിന മെദീനയ്ക്കും സംഭവിച്ചത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഔദ്യോഗികമായി സ്ഥിരീകരിച്ച ഒരു ഉത്തരമില്ല

ഇക്കാര്യത്തിന് ഔദ്യോഗികമായി സ്ഥിരീകരിച്ച ഒരു ഉത്തരമുണ്ടായിട്ടില്ല. എങ്കിലും ലിനയെ ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ് തന്നെയായിരുന്നുവെന്നാണ് അന്നത്തെ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ അയാള്‍ അറസ്റ്റിലാകുകയും കുറച്ചുനാള്‍ വിചാരണ നേരിടുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവില്ലാതിരുന്നതിനാല്‍ ഇയാളെ വെറുതെവിട്ടു.
സ്വന്തം പിതാവിന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയായ, പ്രികോഷ്യസ് പ്യൂബേര്‍ട്ടി ബാധിതയായ ലിന, പിന്നീട് ഗര്‍ഭിണിയാവുകയായിരുന്നുവെന്നാണ് പലരും ഇക്കാര്യത്തെ വിലയിരുത്തിയത്. ലിനയ്ക്ക് ഇന്ന് പ്രായമേറെയായി. 88 വയസായി. ഇന്നുവരെയും ഒരു മാധ്യമത്തിനും അഭിമുഖം നല്‍കാന്‍ ലിന തയ്യാറായിട്ടില്ല. കുടുബജീവിതത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാനായി സമീപിച്ച മാധ്യമപ്രവര്‍ത്തകരെയെല്ലാം ലിന മടക്കി അയക്കുകയായിരുന്നു.

Story Highlights: Youngest mum, 5, on record forced to have C-section to give birth to son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here