‘വാക്കല്ല, പ്രവൃത്തിയാണ് താരം’; റോഡിൽ നിന്ന് ചപ്പുചവറുകൾ നീക്കുന്ന പഞ്ചാബ് മുൻ DIGയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

പോരാളിക്ക് സല്യൂട്ട് എന്ന പേരിൽ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ച ഒരു വിഡിയോ ശ്രദ്ധേയമാവുകയാണ്. ഇന്ദർജിത്ത് സിദ്ധുവെന്ന വിരമിച്ച IPS ഓഫീസറിന്റെ മാതൃക യുവാക്കൾക്ക് കണ്ണുംപൂട്ടി പിൻതുടരാമെന്ന് മഹീന്ദ്ര പറയുന്നു. 1964 ബാച്ച് ഐപിഎസ് ഓഫീസറായ അദ്ദേഹത്തിന് എൺപത്തിയെട്ട് വയസായി. എന്നിട്ടും ചണ്ഡീഗഡിലെ തെരുവുകൾ വൃത്തിയാക്കാനായി ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം.

ആരാധകവൃന്ദമോ സർക്കാർ പിന്തുണയോ ഇല്ലാതെയാണ് അദ്ദേഹത്തിന്റെ ഈ ഒറ്റയാൾ യത്നം. അദ്ദേഹത്തിന്റെ ദിവസം ആരംഭിക്കുന്നത് ഈ നന്മ പ്രവൃത്തിയോടെയാണ്. ആറ് മണിയാകുമ്പോഴേക്കും റെഡിയായി ചണ്ഡീഗഡിലെ സെക്ടർ 49 എത്തും. ഒരു സൈക്കിൾ റിക്ഷയുമായാണ് ആളിന്റെ വരവ്. തെരുവ് അടിച്ചുവൃത്തിയാക്കി മാലിന്യങ്ങൾ ശേഖരിച്ച് അത് ഇടേണ്ടയിടത്ത് കൊണ്ടുപോയി ഇടും. സ്വച്ഛ്ഭാരത് അഭ്യയാന്റെ ഭാഗമായുള്ള സ്വച്ഛ് സർവേക്ഷൺ സർവേയിൽ തന്റെ നഗരം ഏറെ പിന്നിലായതിന്റെ നിരാശയാണ് അദ്ദേഹത്തെ ഇത്തരമൊരു സിംഗിൾ മാൻ ആർമി മൂവ്മെന്റിലേക്ക് നയിച്ചത്.
പൗരബോധം അപ്രസക്തമെന്ന് തോന്നിപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്ക് പലരും കടക്കുമ്പോഴാണ് ഈ എൺപത്തിയെട്ടുകാരൻ ഏകാംഗ പോരാട്ടം നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. സേവനം, അച്ചടക്കം തുടങ്ങി പൗരധർമത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുക്കുന്ന ചെറുപടവുകളാണ് ഇന്ദർജിത് സിങ് നിർമിക്കുന്നത്.
മാലിന്യം കാണുമ്പോൾ സാധാരണ ആളുകൾ പരാതി പറയും. എന്താണിങ്ങനെ? ഇവിടെ ചോദിക്കാനും പറയാനുമാരുമില്ലേ? ഇങ്ങനെ ചോദ്യങ്ങളുയർത്തുകയല്ലാതെ റോഡിൽ കിടക്കുന്ന ഒരു കരിയിലയെടുത്ത് മാറ്റിവക്കാൻ അവർ തയ്യാറാകുകയുമില്ല. അങ്ങനെയുള്ള അധര ചർവണത്തിന്റെ പ്രസക്തിയില്ലായ്മ കൃത്യമായി ബോധ്യമുള്ളതുകൊണ്ടാവാം അദ്ദേഹം ഈ നീക്കത്തിലേക്ക് പോയത്. നല്ല പ്രവൃത്തികൾക്ക് പദവിയോ പ്രശസ്തിയോ അല്ല പ്രചോദനമെന്ന് അദ്ദേഹം തെളിയിക്കുന്നു.
വാർത്താ ഏജൻസി ANI യോട് അദ്ദേഹം പറഞ്ഞതിങ്ങനെ-“ഞാൻ വൃത്തിയുള്ള ഇടങ്ങൾ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് ഞാൻ ഇവിടം വൃത്തിയാക്കാൻ ശ്രമം നടത്തുന്നു. നോക്കൂ ഈ ചന്തയിലെ പാർക്കിങ് ഏരിയ വൃത്തിയായിരുന്നാൽ എത്ര നന്നായേനെ. വിദേശ രാജ്യങ്ങളിൽ പോയാൽ പൊതു ഇടങ്ങൾ വൃത്തിയായി കാണപ്പെടുന്നു. എന്നാൽ അക്കാര്യത്തിൽ നാം പിന്നോട്ടാണ്”.
Story Highlights : Anand Mahindra praises former Punjab DIG for removing garbage from roads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here