Advertisement

ആരോപണം വ്യാജമെന്ന് പി.വി.ശ്രീനിജിന്‍

February 19, 2022
1 minute Read

ട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിന്റെ ആരോപണങ്ങള്‍ തള്ളി കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജിന്‍. സാബുവിന്റെ ആരോപണങ്ങള്‍ വ്യാജമാണ്. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാബു എം.ജേക്കബിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി.വി.ശ്രീനിജിന്‍ പറഞ്ഞു.
സാബു ജേക്കബിന്റെ വിരട്ടലുകള്‍ കൊണ്ട് സിപിഐഎമ്മോ എംഎല്‍എയോ ഭയപ്പെടാന്‍ പോകുന്നില്ല. സാബു ജേക്കബ് പറഞ്ഞതു പോലെ എന്റെ കോള്‍ ലിസ്റ്റ് പൊലീസ് പരിശോധിക്കട്ടെ. കോള്‍ ലിസ്റ്റ് പൊലീസ് പരിശോധിച്ച് അതിന്റെ നിജസ്ഥിതി പൊതുജനങ്ങളെ കൂടി അറിയണമെന്ന് തനിക്ക് താല്‍പര്യമുണ്ട്. സാബു ജേക്കബ് ഇതുവരെ പറഞ്ഞു വരുന്ന കള്ളത്തരങ്ങള്‍ ഇതോടെ അവസാനിക്കട്ടെയെന്നും പി.വി.ശ്രീനിജിന്‍ പറഞ്ഞു.
ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്നായിരുന്നു ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിന്റെ ആരോപണം. മുന്‍കൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്. അദൃശ്യമായ സംഭവമല്ല നടന്നത്. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് പറഞ്ഞു.
സ്ട്രീറ്റ് ചലഞ്ചില്‍ എംഎല്‍എ നടത്തിയ ഇടപെടലില്‍ തികച്ചും സമാധാനപരമായ സമരമാണ് ട്വന്റി ട്വന്റി നടത്തിയത്. അങ്ങനെയാണ് വീടുകളിലിരുന്ന് ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയായ ദീപു ലൈറ്റ് അണക്കുന്ന കാര്യം വീടുകള്‍ തോറും കയറി ഇറങ്ങി പറയുന്നതിനിടയിലാണ് അദ്ദേഹം ആക്രമിക്കുന്നത്. മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘം ദീപുവിനെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി മര്‍ദനമാണ് ദീപുവിനു നേരെയുണ്ടായത്. സംഭവം അറിഞ്ഞ് അവിടുത്തെ വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്താന്‍ 15 മിനിട്ട് എടുത്തു. അതുവരെ അദ്ദേഹത്തെ മര്‍ദിച്ചു.
വളരെ വിദഗ്ധമായ രീതിയിലുള്ള കൊലപാതകമാണ് നടന്നിരിക്കുന്നത്. പുറമെ ബാഹ്യമായി ഒരു പരിക്കുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ ആന്തരികമായി വലിയ പരിക്കാണുണ്ടായിരുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ കുരുട്ടു ബുദ്ധിയില്‍ ചെയ്ത കൊലപാതകമാണിത്. ആക്രമിച്ചതിന് ശേഷം ആശുപത്രിയില്‍ പോയാല്‍ ദീപുവിന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിട്ടും ദീപു വീട്ടില്‍ കയറിയിരുന്നു. ഞായറാഴ്ച രാവിലെയും വീട്ടിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ കാവലായിരുന്നു. ഞായറാഴ്ച ബക്കറ്റ് പിരിവിന് പോയപ്പോള്‍ ദീപുവിന് കുഴപ്പമില്ലായിരുന്നുവെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ബക്കറ്റ് പിരിവിനല്ല, ദീപുവിനെ ഭീഷണിപ്പെടുത്തുന്നതിനാണ് സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ പോയതെന്നും സാബു എം.ജേക്കബ് ആരോപിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top