Advertisement

പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധം; കൊലപാതകം ആസൂത്രിതമെന്ന് സാബു എം.ജേക്കബ്

February 19, 2022
1 minute Read

ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. മുന്‍കൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്. അദൃശ്യമായ സംഭവമല്ല നടന്നത്. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് പറഞ്ഞു.
സ്ട്രീറ്റ് ചലഞ്ചില്‍ എംഎല്‍എ നടത്തിയ ഇടപെടലില്‍ തികച്ചും സമാധാനപരമായ സമരമാണ് ട്വന്റി ട്വന്റി നടത്തിയത്. അങ്ങനെയാണ് വീടുകളിലിരുന്ന് ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയായ ദീപു ലൈറ്റ് അണക്കുന്ന കാര്യം വീടുകള്‍ തോറും കയറി ഇറങ്ങി പറയുന്നതിനിടയിലാണ് അദ്ദേഹം ആക്രമിക്കുന്നത്. മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘം ദീപുവിനെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി മര്‍ദനമാണ് ദീപുവിനു നേരെയുണ്ടായത്. സംഭവം അറിഞ്ഞ് അവിടുത്തെ വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്താന്‍ 15 മിനിട്ട് എടുത്തു. അതുവരെ അദ്ദേഹത്തെ മര്‍ദിച്ചു.

വളരെ വിദഗ്ധമായ രീതിയിലുള്ള കൊലപാതകമാണ് നടന്നിരിക്കുന്നത്. പുറമെ ബാഹ്യമായി ഒരു പരിക്കുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ ആന്തരികമായി വലിയ പരിക്കാണുണ്ടായിരുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ കുരുട്ടു ബുദ്ധിയില്‍ ചെയ്ത കൊലപാതകമാണിത്. ആക്രമിച്ചതിന് ശേഷം ആശുപത്രിയില്‍ പോയാല്‍ ദീപുവിന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിട്ടും ദീപു വീട്ടില്‍ കയറിയിരുന്നു. ഞായറാഴ്ച രാവിലെയും വീട്ടിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ കാവലായിരുന്നു. ഞായറാഴ്ച ബക്കറ്റ് പിരിവിന് പോയപ്പോള്‍ ദീപുവിന് കുഴപ്പമില്ലായിരുന്നുവെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ബക്കറ്റ് പിരിവിനല്ല, ദീപുവിനെ ഭീഷണിപ്പെടുത്തുന്നതിനാണ് സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ പോയതെന്നും സാബു എം.ജേക്കബ് ആരോപിക്കുന്നു.

ദീപുവിനെ ആക്രമിക്കുന്നതറിഞ്ഞ് വാര്‍ഡ് മെമ്പര്‍ സ്ഥലത്തു ചെല്ലുമ്പോള്‍ പറയുന്നത് ഞങ്ങള്‍ എംഎല്‍എ വിളിച്ചിട്ടുണ്ട്. എംഎല്‍എ വന്നു കഴിഞ്ഞാല്‍ നിന്നെയും കത്തിക്കുമെന്നാണ് പറയുന്നത്. ഇതില്‍ നിന്നെല്ലാം മനസിലാക്കേണ്ടത് കൃത്യം നടക്കുമ്പോഴും അതിന് മുന്‍പും പിന്‍പും ഈ പ്രതികളെല്ലാം തന്നെ എംഎല്‍എയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്. പ്രതികളും എംഎല്‍എയും സിപിഎം നേതാക്കളും പ്രദേശത്തെ ഒരു ചായക്കടയിലിരുന്ന് ഗൂഢാലോചന നടത്തുന്നതിന്റെ ചിത്രം പുറത്തു വന്നിട്ടുണ്ട്. കൊലപാതകം നടത്തിയാല്‍ മാത്രമെ ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ കഴിയുവെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നും സാബു ജേക്കബ് പറഞ്ഞു.

രാഷ്ട്രീയ തലത്തില്‍ തന്നെ സ്വാധീനമുള്ള ആളാണ് കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍. കീഴ്‌ക്കോടതി മുതല്‍ മേല്‍ക്കോടതി വരെയുള്ള ബന്ധം വെച്ച് ആരെ വേണമെങ്കിലും ആക്രമിച്ചോളുയെന്നാണ് എംഎല്‍എ സിപിഎം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രതികളുമായി അടുത്ത ബന്ധമാണ് എംഎല്‍എക്കുള്ളത്. അതുകൊണ്ട് തന്നെ എംഎല്‍എ ഒന്നാം പ്രതിയാക്കുകയാണ് വേണ്ടതെന്നും എംഎല്‍എയും ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാന്‍ പൊലീസ് തയാറാകണമെന്നും സാബു ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ചോര ഛര്‍ദിച്ചാണ് ദീപുവിനെ ട്വന്റി ട്വന്റി ആശുപത്രിയിലെത്തിക്കുന്നത്. ആസമയം, അദ്ദേഹം ആശുപത്രിയില്‍ കൊടുത്തമൊഴിയും താന്‍ ആക്രമിക്കപ്പെട്ടുവെന്നാണ് പറയുന്നത്. അതിനുശേഷം കൊവിഡ് ടെസ്റ്റ് നടത്തി അന്ന് കുഴപ്പമില്ല. തിങ്കളാഴ്ച ശസ്ത്രക്രീയ നടത്തുമ്പോഴും അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. ഡോക്റ്റര്‍മാരും എംഎല്‍എയും ഒത്തുകളിച്ച് പ്രതികള്‍ക്ക് രക്ഷപെടുന്നതിനായി നാലു ദിവസം ദീപുവിനെ വെന്റിലേറ്ററില്‍ ഇടുകായിരുന്നു. ദീപു മരിച്ച് കഴിഞ്ഞ് ബന്ധുക്കളെ അറിയിക്കുന്നതിന് പകരം മാധ്യമങ്ങളെയും പൊലീസിനെയും ആണ് ആശുപത്രി ആദ്യം അറിയിക്കുന്നത്. പിന്നീട് നടത്തിയ കൊവിഡ് ടെസ്റ്റില്‍ അദ്ദേഹം പോസിറ്റീവ് ആയി. ഇതിന് പിന്നീല്‍ ആശുപത്രി അധികൃതരും എംഎല്‍എയും നടത്തിയ ഗുഢാലോചനയാണ്. എംഎല്‍എ പറയുന്നത് ദീപുവിന് ലിവര്‍ സിറോസിസ് ആണ് എന്നാണ്. അങ്ങനെയെങ്കില്‍ എങ്ങനെ തലയില്‍ രക്തസ്രാവം ഉണ്ടാകും. അതുകൊണ്ടാണ് കൊലപാതകമാണെന്ന് ട്വന്റി ട്വന്റി ആരോപിക്കുന്നതെന്നും സാബു എം.ജേക്കബ് പറഞ്ഞു.

ട്വന്റി ട്വന്റി പ്രസ്ഥാനം തുടങ്ങിട്ട് പത്തു വര്‍ഷം പിന്നിടുകയാണ്. ഞങ്ങള്‍ അക്രമരാഷ്ട്രീയത്തെ എതിര്‍ക്കുന്ന ആളുകളാണ്. ഈ പത്തുവര്‍ഷത്തിനുള്ളില്‍ ഒരു ട്വിന്റി ട്വന്റി പ്രവര്‍ത്തകന്‍ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനെ ആക്രമിച്ചത് സംബന്ധിച്ച് ഒരു കേസുപോലുമില്ല. പക്ഷേ നൂറു കണക്കിന് ഞങ്ങളുടെ പ്രവര്‍ത്തകരെ എന്നാല്‍ പലപ്പോഴും കൈയേറ്റം ചെയ്തിട്ടുണ്ടെന്നും സാബു എം ജേക്കബ് ആരോപിച്ചു.
കഴിഞ്ഞ പത്ത് മാസമായിട്ട് പുതിയ എംഎല്‍എ ശ്രീനിജിന്‍ അധികാരത്തില്‍ വന്നതിന് ശേഷം അമ്പതോളം പേര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ട്വന്റി ട്വന്റി ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും വലിയ ക്രമസമാധന പ്രശ്‌നമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആളുകള്‍ ഭയന്ന് പരാതിപ്പെടാന്‍ പോലും തയാറാകുന്നില്ല. ആരെങ്കിലും ആക്രമിക്കപ്പെട്ടു കഴിഞ്ഞാല്‍ അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നു. അത്തരത്തില്‍ വലിയ ഭീകരാന്തരീക്ഷമാണ് കഴിഞ്ഞ 10മാസമായി എംഎല്‍എ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തില്‍ സിപിഎം പ്രവര്‍ത്തകരെയാണ് ഉദ്യോഗസ്ഥരായി നിയമിച്ചിരിക്കുന്നത്. അവരെ ഉപയോഗിച്ച് ഭരണപ്രതിസന്ധി സൃഷ്ടിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മാത്രമല്ല, കെഎസ്ഇബി, പെരിയാര്‍വാലി, ആരോഗ്യവകുപ്പ്, പൊലീസ് തുടങ്ങി എല്ലാവകുപ്പിലും എംഎല്‍എ നേരിട്ട് വിളിച്ച് ട്വന്റി ട്വന്റി നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. ആരെങ്കിലും നിര്‍ദേശം ലംഘിച്ചാല്‍ ഓഫിസിലേക്ക് വിളിച്ചു വരുത്തി ശാസിക്കുകയാണ് എംഎല്‍എ.

സ്ട്രീറ്റ് ലൈറ്റില്‍ കെഎസ്ഇബിയ്ക്ക് ഒരു പങ്കുമില്ല. വിഷയത്തില്‍ പരാതിയുണ്ടെങ്കില്‍ അത് നല്‍കേണ്ടത് പഞ്ചായത്താണ്. കിഴക്കമ്പലത്തെ അസിസ്റ്റന്റ് എന്‍ജിനിയറെ വിളിച്ച് പരാതി കൊടുക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം സമ്മതിക്കാതിരുന്നപ്പോള്‍ ഓഫിസിലേക്ക് വിളിച്ചു വരുത്തി പരാതി തയാറാക്കി നല്‍കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top