ആമസോൺ, റിലയൻസ്, സോണി, ഡിസ്നി; ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള പോര് വേറെ ലെവൽ

2023 മുതൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശത്തിനായി രംഗത്തുള്ളത് വമ്പൻ കമ്പനികൾ. ആമസോൺ പ്രൈംവിഡിയോ, റിലയൻസ് ഇൻഡസ്ട്രീസ്, സോണി ഗ്രൂപ്പ്, വാൾട്ട് ഡിസ്നി എന്നീ മൾട്ടി നാഷണൽ കമ്പനികളാണ് ഐപിഎൽ സംപ്രേഷണാവകാശത്തിനായി രംഗത്തുള്ളത്. (Amazon Reliance Disney IPL)
2008ലെ ആദ്യ സീസൺ മുതൽ 2016 വരെ സോണി ഗ്രൂപ്പ് ആണ് ഐപിഎൽ സംപ്രേഷണം ചെയ്തിരുന്നത്. 2017ൽ സംപ്രേഷണാവകാശം സ്റ്റാർ (ഡിസ്നി) സ്വന്തമാക്കി. 2022ൽ ഇത് അവസാനിക്കും. 2023 മുതലുള്ള സംപ്രേഷണാവകാശത്തിനായി സോണിയും ഡിസ്നിയും കയ്യും മെയ്യും മറന്ന് പണമിറക്കുമെന്നാണ് സൂചന. ഇരു കമ്പനികളും നേരത്തെ തന്നെ ഇത്തരത്തിൽ സൂചന നൽകിയിരുന്നു. ഐപിഎൽ സംപ്രേഷണാവകാശത്തിലേക്ക് തിരികെ വരാനാണ് സോണിയുടെ ശ്രമമെങ്കിൽ പൊന്മുട്ടയിടുന്ന താറാവിനെ വിട്ടുകളയാൻ ഡിസ്നിയും തയ്യാറല്ല.
Read Also : ഐപിഎൽ: ലീഗ് മത്സരങ്ങൾ മഹാരാഷ്ട്രയിലെ അഞ്ച് വേദികളിലെന്ന് റിപ്പോർട്ട്; പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദിൽ
സമീപകാലത്തായി കായികമത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിലേക്ക് കടന്ന പ്രൈംവിഡിയോ ന്യൂസീലൻഡ് പുരുഷ, വനിതാ ടീമുകളുടെ ഹോം മത്സരങ്ങൾക്കുള്ള അവകാശം സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യക്കെതിരായ പരിമിത ഓവർ പരമ്പരയും സംപ്രേഷണം ചെയ്യുന്നത് പ്രൈംവിഡിയോ ആണ്. എന്നാൽ, ഐപിഎൽ സംപ്രേഷണാവകാശം ലഭിക്കണമെങ്കിൽ അവർക്ക് ടെലിവിഷൻ ചാനൽ ഉണ്ടാവണം. ആമസോണിന് സ്വന്തമായി ചാനൽ ഇല്ലാത്തതിനാൽ ഒരു ടെലിവിഷൻ ചാനലുമായി പാർട്ണർഷിപ്പിൽ എത്തേണ്ടതുണ്ട്.
റിലയൻസും കായിക സംപ്രേഷണ രംഗത്ത് പുതിയതാണ്. എന്നാൽ, ജിയോയുടെ വരവോടെ ജിയോ ടിവി വഴി രഞ്ജി ട്രോഫി അടക്കം ആഭ്യന്തര മത്സരങ്ങളും മറ്റ് രാജ്യാന്തര മത്സരങ്ങളുമൊക്കെ റിലയൻസ് സ്ട്രീം ചെയ്തിരുന്നു. കളേഴ്സ്, എംടിവി തുടങ്ങിയ ടി ചാനലുകളും റിലയൻസിനുണ്ട്. അതുകൊണ്ട് തന്നെ ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കിയാൽ ടെലിവിഷനിലും മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ അവർക്ക് സാധിക്കും. കളേഴ്സ് ചാനൽ വഴി നേരത്തെ ക്രിക്കറ്റ് മത്സരങ്ങൾ റിലയൻസ് സംപ്രേഷണം ചെയ്തിട്ടുണ്ട്. ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കിയാൽ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് എന്ന നേട്ടം റിലയൻസിനു ഗുണകരമാവും. അതുകൊണ്ട് തന്നെ റിലയൻസും ഐപിഎൽ സംപ്രേഷണാവകാശത്തിനായി മുന്നിട്ടിറങ്ങും.
Story Highlights: Amazon Reliance Sony Disney IPL broadcasting rights
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here