സമാധാന അന്തരീക്ഷം തകർക്കാൻ നടത്തിയ ആസൂത്രിത സംഭവം; ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് നിർദേശം നൽകി. സമാധാന അന്തരീക്ഷം തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണ്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം.പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അതേസമയം സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തലശേരിയിലെത്തി. ഏരിയാ കമ്മിറ്റി ഓഫിസിലെ പൊതു ദർശനത്തിന് ശേഷം പുന്നോലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ട്. അഞ്ച് മണിയോടെയാവും സംസ്കാരച്ചടങ്ങുകൾ നടക്കുക.
Read Also : കണ്ണൂരിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം സിപിഐഎം നേതാക്കൾ ഏറ്റുവാങ്ങി
ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാൻ കഴിയാത്ത വിധമാണ്. ഒരേ വെട്ടിൽ തന്നെ തുടരെ വെട്ടി. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വീട്ടുമുറ്റത്തുവച്ചാണ് കൊലപാതകം നടന്നത്. രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ല. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജേഷിനെ കസ്റ്റഡിയിൽ എടുക്കുമെന്നും കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. ഹരിദാസ് വധക്കേസിൽ ഏഴു പേർ കസ്റ്റഡിയിലാണ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്നും ആർ. ഇളങ്കോ അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ ന്യൂമാഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഏഴ് പേർക്കും രാഷ്ട്രീയ ബന്ധമുണ്ട്. ഇവർ ബിജെപി – ആർഎസ് എസ് അനുഭാവികളാണ്. അന്വേഷണ പുരോഗതി, പ്രതികളുടെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് വിശദമായി പഠിക്കാൻ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
Story Highlights: CM Pinarayi Vijayan On thalassery haridasan Murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here