Advertisement

അഞ്ച് സൈനികരെ വധിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഉക്രൈന്‍

February 21, 2022
Google News 2 minutes Read

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ച് ഉക്രേനിയന്‍ സൈനികരെ വധിച്ചെന്ന റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ രംഗത്ത്. ഉക്രൈനെ ആക്രമിക്കാനായി റഷ്യ നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം യുക്രൈനെ ആക്രമിക്കാനുള്ള അന്തിമ പദ്ധതി റഷ്യ തയ്യാറാക്കിയിട്ടുണ്ടെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. ഉച്ചകോടി നടത്തി ഏതുവിധേനയും യുദ്ധം ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തില്‍ ഏറ്റവുമധികം ആശങ്കയുയര്‍ത്തുന്ന തര്‍ക്കമാണ് ഇപ്പോള്‍ റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്നത്.
യുക്രൈന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ അതിര്‍ത്തിയിലെ തങ്ങളുടെ സൈനിക പോസ്റ്റ് തകര്‍ന്നതായി റഷ്യ ആരോപിച്ചിരുന്നു. ഇന്ന് രാവിലെ 9.50നാണ് ആക്രമണമുണ്ടായതെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നുമാണ് റഷ്യയുടെ വാദം. യുക്രേനിയന്‍ സൈന്യത്തിന്റെ ആക്രമണത്തിന് പ്രതികാരമായാണ് അഞ്ച് യുക്രേനിയന്‍ സൈനികരെ വധിച്ചതെന്നാണ് റഷ്യ അറിയിച്ചത്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് ഉക്രൈന്റെ വാദം.

Read Also : റഷ്യന്‍ സേന അഞ്ച് യുക്രേനിയന്‍ സൈനികരെ വധിച്ചു

യുക്രെയിനിന്റെ അതിര്‍ത്തിയില്‍ ജനുവരി 30ന് 1,50,000 സൈനികരെ റഷ്യ വിന്യസിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാല്‍ യുക്രൈനെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നാണ് ഇതുവരെ റഷ്യ പറഞ്ഞിരുന്നത്. അതിന് വിപരീതമായാണ് അഞ്ച് യുക്രേനിയന്‍ സൈനികരെ വധിച്ചുവെന്ന വെളിപ്പെടുത്തലുമായി റഷ്യ രംഗത്തെത്തിയത്.

യുക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുകയാണെന്ന് റഷ്യ പറയുമ്പോഴും അവരുടെ മിസൈല്‍ പരീക്ഷണം ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഹൈപ്പര്‍സോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യന്‍ സൈനിക മേധാവി വലേറി ജെറാസിമോവ് ആണ് പരീക്ഷണവിവരം പുറത്തുവിട്ടത്. പരീക്ഷണം നടത്തിയ എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തു തന്നെ പതിച്ചെന്ന് ജെറാസിമോവ് അറിയിച്ചു.

റഷ്യയുടെ തന്ത്രപ്രധാന പ്രത്യാക്രമണ സേനയുടെ പ്രകടനം കൂടുതല്‍ കാര്യക്ഷമമാക്കുകയായിരുന്നു മിസൈല്‍ പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം. ശത്രുവിനെതിരെയുള്ള കൃത്യമായ ആക്രമണം ഉറപ്പാക്കുകയായിരുന്നു ഉന്നംവച്ചതെന്നും റഷ്യന്‍ ജനറല്‍ സ്റ്റാഫ് മേധാവി വലേറി ജെറാസിമോവ് കൂട്ടിച്ചേര്‍ത്തു.

ശത്രുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ മികച്ച പ്രകടനം ഉറപ്പുവരുത്തുന്നതിന് സൈന്യത്തിന്റെ കാര്യശേഷി മെച്ചപ്പെടുത്താനാണ് സൈനികാഭ്യാസങ്ങള്‍ നടത്തുന്നതെന്നും റഷ്യ പറയുന്നു.

Story Highlights: Ukraine says campaign to kill five soldiers is baseless

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here