Advertisement

അമേരിക്കയിലെ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടു; യുവതി ചികിത്സയ്ക്കായി ഇന്ത്യയിലെത്തി, കണ്ണില്‍ നിന്നും പുറത്തെടുത്തത് മൂന്ന് ജീവനുള്ള ഈച്ചകളെ

February 22, 2022
Google News 2 minutes Read

അമേരിക്കക്കാരിയായ യുവതിയുടെ കണ്ണില്‍ നിന്നും മൂന്ന് ഭീമന്‍ ഈച്ചകളെ പുറത്തെടുത്ത് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടതോടെ യുവതി ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.

32കാരിയായ യുവതിയുടെ കണ്ണില്‍ അപൂര്‍വ്വമായ അണുബാധ ഉണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍മാര്‍ ആദ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ചികിത്സിക്കാനാകില്ലെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അസഹ്യമായ കണ്ണുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ശരീരത്തില്‍ നിന്നും മൂന്ന് ഈച്ചകളെയാണ് പുറത്തെടുത്തത്. കണ്ണില്‍ എന്തോ ചലിക്കുന്ന പോലെ അനുഭവപ്പെട്ടു. രക്തം വരാനും തുടങ്ങിയെന്ന് യുവതി പറഞ്ഞു. പിന്നാലെയാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ കണ്ണില്‍ ഭീമന്‍ഈച്ച (ബോട്ട്ഫ്ലൈസ്/മയാസിസ്) ഉള്ളതായി കണ്ടെത്തി.

പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അമേരിക്കയിലെ ഡോക്ടര്‍മാര്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്തതായും മറ്റ് ചികിത്സകള്‍ നിഷേധിച്ചതായും യുവതി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വലതുകണ്ണിന് മുകളില്‍ നീര്‍വീക്കവും ചുവപ്പ് നിറവുമായാണ് യുവതി ആശുപത്രിയിലെത്തുന്നത്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ആയതിനാലാണ് യുവതിയെ അമേരിക്കയിലെ ഡോക്ടര്‍മാര്‍ ചികിത്സിക്കാതിരുന്നത്. കണ്ണില്‍ വേദന അനുഭവപ്പെടുന്നതിന് മൂന്ന് നാല് ആഴ്ചകള്‍ക്ക് മുന്‍പ് യുവതി ആമസോണ്‍ കാടുകളില്‍ യാത്ര ചെയ്തിരുന്നു. ഇവിടെ നിന്നുമാകാം യുവതിയുടെ കണ്ണില്‍ ഈച്ച കയറിയതെന്നാണെന്നാണ് യുവതി പറയുന്നത്.

രണ്ട് സെന്റിമീറ്റര്‍ വലിപ്പമുള്ള മൂന്ന് ജീവനുള്ള ഈച്ചകളെയാണ് യുവതിയുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തത്. ഒന്ന് വലത് മുകളിലെ കണ്‍ പോളയില്‍ നിന്നും രണ്ടാമത്തേത് കഴുത്തില്‍ നിന്നും മൂന്നാമത്തേത് വലത് കൈയ്യില്‍ നിന്നുമാണ് നീക്കം ചെയ്തത്. ബോട്ട്ഫ്ലൈസ് എന്ന് അറിയപ്പെടുന്ന ഇത്തരം ഈച്ചകളെ പുറത്തെടുത്തില്ലെങ്കില്‍ കോശങ്ങള്‍ക്ക് വലിയ ആഘാതമുണ്ടാക്കും. മനുഷ്യ ശരീരത്തിലെ സെല്ലുകള്‍ നശിപ്പിക്കുകയും അത് ജീവന് തന്നെ ഭീഷണിയാവുകമാണ് ചെയ്യുക. ഇത്തരത്തിലുള്ള ഈച്ചകള്‍ മനുഷ്യ ശരീരത്തില്‍ തുളച്ചു കയറുകയോ മൂക്കിലൂടെയോ കണ്ണിലൂടെയോ കയറുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് ഗ്രാമപ്രദേശത്തില്‍ നിന്നുമാണ്.

ഡല്‍ഹിയിലെ വസന്ത്കുഞ്ചിലുള്ള ഫോര്‍ട്ടിസ് ഹോസ്പിറ്റലിലാണ് യുവതി ചികിത്സയ്ക്കായി എത്തിയത്. അവിടുത്തെ ഡോക്ടര്‍ മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള സംഘം രോഗനിര്‍ണ്ണയം നടത്തുകയും ചികിത്സിക്കുകയുമായിരുന്നു. അനസ്തേഷ്യ നല്‍കാതെ തന്നെ ശസ്ത്രക്രിയയിലൂടെ ഭീമന്‍ ഈച്ചകളെ പുറത്തെടുക്കുകയും ചെയ്തു. കൃത്യമായ സമയത്ത് ചികിത്സ നല്‍കാനായതിനാലാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Story Highlights: Delhi surgeons remove 3 live botflies from American woman’s eye after US doctors fail to do so

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here