നിഷു കുമാർ നാളെ കളിക്കില്ല; രാഹുൽ തിരിയെത്തും

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ ഹൈദരാബാദ് എഫ്സിക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ പ്രതിരോധ താരം നിഷു കുമാർ കളിക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമാനോവിച്ച്. നിഷു കുമാറിൻ്റെ പരുക്ക് പൂർണമായി ഭേദമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എടികെ മോഹൻ ബഗാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും നിഷു കുമാർ ടീമിലുണ്ടായിരുന്നില്ല.
ക്യാപ്റ്റൻ ജെസൽ കാർനീറോ നേരത്തെ പരുക്കേറ്റ് പുറത്തായിരുന്നു. സന്ദീപ് സിംഗ് സസ്പൻഷനിലാണ്. അതുകൊണ്ട് തന്നെ നാളെ ആര് ലെഫ്റ്റ് ബാക്ക് ആയി ഇറങ്ങുമെന്നതിൽ ബ്ലാസ്റ്റേഴ്സിന് ആശങ്കയുണ്ട്. പരുക്ക് മാറിയെത്തുന്ന രാഹുൽ കെപി നാളെ കളിക്കും. അവസാന മൂന്ന് മത്സരങ്ങളിലും രാഹുൽ സൈഡ് ബെഞ്ചിൽ ഉണ്ടായിരുന്നെങ്കിലും താരം കളിക്കാൻ ഇറങ്ങിയിരുന്നില്ല. നാളെ ഹൈദരാബാദിനെതിരെ താരം സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങുമെന്നാണ് പരിശീലകൻ അറിയിച്ചിരിക്കുന്നത്.
അതേസമയം, മൂക്കിനു പരുക്കേറ്റ് പുറത്തിരുന്ന പ്രതിരോധ താരം റുയിവ ഹോർമിപോം പരിശീലനം പുനരാരംഭിച്ചു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന താരം മുഖത്ത് പ്രത്യേക ഗാർഡണിഞ്ഞാണ് പരിശീലനത്തിനിറങ്ങിയത്. താരം എന്ന് ടീമിൽ കളിക്കുമെന്നതിൽ വ്യക്തതയില്ല. സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഉജ്ജ്വല പ്രകടനം നടത്തിയ ഹോർമിപോമിന് ജംഷഡ്പൂരിനെതിരായ മത്സരത്തിലാണ് പരുക്കേറ്റത്.
Story Highlights: kerala blasters nishu kumar rahul kp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here