Advertisement

ദയയില്ലാതെ ന്യൂസീലൻഡ്; നാലാം ഏകദിനത്തിലും ഇന്ത്യൻ വനിതകൾക്ക് തോൽവി

February 22, 2022
Google News 2 minutes Read
newzealand won 4th odi

ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യൻ വനിതകൾക്ക് പരാജയം. മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 63 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെന്ന കൂറ്റൻ സ്കോറിലെത്തിയപ്പോൾ മറുപടി ബാറ്റിംഗിൽ ഇന്ത്യ 17.5 ഓവറിൽ 128 റൺസിന് ഓൾഔട്ടായി. അമേലിയ കെർ (68 നോട്ടൗട്ട്) ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോററായപ്പോൾ റിച്ച ഘോഷ് (52) ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ബാറ്റിംഗിനൊപ്പം 3 വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങിയ അമേലിയ കെർ ആണ് കളിയിലെ താരം. (newzealand won 4th odi)

തുടക്കം മുതൽ ആക്രമിച്ചുകളിച്ച ന്യൂസീലൻഡിനായി ഓപ്പണർമാരായ സോഫി ഡിവൈനും (32), സൂസി ബേറ്റ്സും (41) ചേർന്ന് 53 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. കെർ 33 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സറും സഹിതം 68 റൺസുമായി പുറത്താവാതെ നിന്നപ്പോൾ ആമി സാറ്റർത്‌വെയ്റ്റും (16 പന്തിൽ 32) തകർപ്പൻ പ്രകടനം നടത്തി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 48 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യക്കായി രേണുക സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read Also : റെക്കോർഡ് ചേസുമായി ന്യൂസീലൻഡ്; ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ മൂന്നാം തോൽവി

മറുപടി ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ പോലും ന്യൂസീലൻഡിനു ഭീഷണിയാവാൻ ഇന്ത്യൻ വനിതകൾക്ക് സാധിച്ചില്ല. ഷഫാലി വർമ്മയും (0), യസ്തിക ഭാട്ടിയയും (0) റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോൾ സ്ഥാനക്കയറ്റം നേടിയെത്തിയ പൂജ വസ്ട്രാക്കറും (4) വേഗം പവലിയനിൽ തിരികെയെത്തി. സ്മൃതി മന്ദനയ്ക്കും (13) മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. വെറും മൂന്ന് പേരാണ് ഇന്ത്യൻ നിരയിൽ ഇരട്ടയക്കം കടന്നത്. 29 പന്തിൽ 4 വീതം ബൗണ്ടറിയും സിക്സറുമടിച്ച് 52 റൺസെടുത്ത റിച്ച ഘോഷ് ഒറ്റക്ക് പൊരുതിയെങ്കിലും വിജയിക്കാനായില്ല. 26 പന്തുകളിൽ ഫിഫ്റ്റി തികച്ച റിച്ച ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ ഏകദിന ഫിഫ്റ്റി തികയ്ക്കുന്ന വനിതാ താരമായി. മിതാലി രാജും (28 പന്തിൽ 30) ഭേദപ്പെട്ട പ്രകടനം നടത്തി. ദീപ്തി ശർമ്മ (9), സ്നേഹ് റാണ (9), രേണുക സിംഗ് (0), രാജേശ്വരി ഗെയ്ക്‌വാദ് (4) എന്നിങ്ങനെയാണ് മറ്റ് സ്കോറുകൾ.

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 4-0 നു മുന്നിലെത്തി. ഇനി ഒരു മത്സരം കൂടിയാണ് പരമ്പരയിൽ അവശേഷിക്കുന്നത്. ആദ്യം നടന്ന ടി-20 മത്സരവും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Story Highlights: newzealand won 4th odi india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here