Advertisement

കൊലപാതക അക്രമ സംഭവങ്ങള്‍ വർധിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; മുഖ്യമന്ത്രി

February 23, 2022
Google News 2 minutes Read

സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വർധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 21.02.2022 വരെ 6 രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 92 പ്രതികളില്‍ 73 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്‍ ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

‘വല്ലാതെ ചീറ്റിപ്പോയ പ്രമേയമായിപ്പോയി. കേരളം ക്രമസമാധാനം തകര്‍ന്ന നാടായി മാറണമെന്ന അദ്ദേഹത്തിന്റെ മോഹമാണ് ഇതില്‍ കണ്ടത്. വിചിത്രമായി തോന്നിയ ഒരു കാര്യം നിങ്ങള്‍ നടത്തിയ ദാരുണമായ കൊലപാതകങ്ങളൊന്നും പരാമര്‍ശിക്കാതെ പോയത് എന്തുകൊണ്ടാണ്. ഈ അടുത്ത ദിവസമാണ് ഇടുക്കിയിലെ കോളജ് വിദ്യാര്‍ത്ഥിയായ ധീരജിനെ കൊലപ്പെടുത്തിയത്. അവിടുത്തെ കെ.എസ്.യു നേതാവ് തന്നെ പറഞ്ഞത് പുറത്തുനിന്ന് വന്നയാളുകളാണ് കൊലപാതകം നടത്തിയത് എന്നും തങ്ങള്‍ക്ക് അതില്‍ പങ്കില്ലായെന്നുമാണ്. ഇത് കാണിക്കുന്നത് ക്യാമ്പസുകളെ പോലും സംഘര്‍ഷവേദിയാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്’ – മുഖ്യമന്ത്രി പറഞ്ഞു.

18.05.2011 മുതല്‍ 24.05.2016 വരെയുള്ള UDF സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 35 രാഷ്ട്രീയ കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ LDF സര്‍ക്കാരിന്റെ കാലത്ത് (25.05.2016 മുതല്‍ 19.05.2021 വരെ) സംസ്ഥാനത്ത് ആകെ 26 രാഷ്ട്രീയ കൊലപാതക കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കണ്ണൂർ പുന്നോലിൽ പുലര്‍ച്ചെ 1.20ന് CPIM പ്രവര്‍ത്തകനായ ഹരിദാസനെ വീടിന് സമീപം BJP പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കണ്ണൂര്‍ സിറ്റി അഡീഷണല്‍ SPയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരികയാണ്. നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

13.02.2022 ല്‍ എടക്കാട് തോട്ടടയിലുളള ഷമിലിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന എച്ചൂര്‍ നിവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരും പ്രദേശവാസികളും തമ്മില്‍ വിവാഹ തലേദിവസം ചില തര്‍ക്കങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് പിറ്റേ ദിവസം ഒരു വിഭാഗം ബോംബ് എറിയുന്ന സ്ഥിതിയുമാണ് ഉണ്ടായത്. അതിന്റെ ഫലമായി ജിഷ്ണു എന്നയാള്‍ കൊല്ലപ്പെടുകയുമുണ്ടായി. ഈ സംഭവത്തില്‍ എടക്കാട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 6 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

കിഴക്കമ്പലത്ത് 12.02.2022 ല്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപു എന്നയാളുമായി വാക്കുതര്‍ക്കമുണ്ടായി, ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന പരാതിയുമുണ്ടായി. തുടര്‍ന്ന് 14.02.2022 ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. 18.02.2022 ന് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയുമാണ് ചെയ്തത്. ഈ സംഭവത്തില്‍ പ്രതികളെ 16.02.2022-ല്‍ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

മരണപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ IPC 302 വകുപ്പ് കൂട്ടിച്ചേര്‍ത്ത് പെരുമ്പാവൂര്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് അന്വേഷണം നടത്തിവരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിനെ 16.01.2022 ല്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി മൃതദേഹം കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കൊണ്ടിട്ട സംഭവം ഉണ്ടായിട്ടുണ്ട്. സംഭവത്തിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സംഭവത്തില്‍ ഒന്നാം പ്രതിയായ ജോമോനെതിരെ കാപ്പാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, കാപ്പാ അഡൈ്വസറി ബോര്‍ഡ് മുമ്പാകെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അവരുടെ ഉത്തരവ് പ്രകാരം ജില്ലയിലേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചത്. ഇതിലെ രണ്ടാം പ്രതിക്കെതിരെയും ഇത്തരം നിലപാട് പൊലീസ് സ്വീകരിച്ചിരുന്നുവെങ്കിലും കാപ്പാ അഡൈ്വസറി ബോര്‍ഡ് റദ്ദു ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്.

11.12.2021 ന് പോത്തന്‍കോട് സ്റ്റേഷന്‍ പരിധിയില്‍ വച്ച് സുധീഷ് എന്നയാളെ വെട്ടി കൊലപ്പെടുത്തിയതിന് പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കേസിലുള്‍പ്പെട്ട 11 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമ നടപടി സീകരിച്ചിട്ടുണ്ട്. പൊലീസ് ക്രമസമാധാനപാലനത്തിനും കേസന്വേഷണത്തിനും മാത്രമല്ല, ഈ നാട്ടിലെ എല്ലാ പ്രയാസങ്ങളിലും ജനങ്ങളോടൊപ്പം അണിനിരന്ന് കൈത്താങ്ങായി അവരുണ്ടായിരുന്നു. പ്രളയത്തിന്റെ നാളുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നിര്‍വഹിച്ച് മുന്‍പന്തിയില്‍ തന്നെ അവരുണ്ടായിരുന്നു. കൊവിഡ് കാലത്ത് 16 പേരാണ് രോഗബാധിതരായി മരണപ്പെട്ടത് എന്ന കാര്യം വിസ്മരിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു.

Story Highlights: allegations-of-escalation-of-murder-and-violence-are-baseless-cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here