Advertisement

പൊട്ടിക്കരഞ്ഞ് മല്ലികാ സുകുമാരന്‍; പ്രിയപ്പെട്ട ലളിത ചേച്ചിയെ അവസാനമായി കാണാന്‍ സഹപ്രവര്‍ത്തകര്‍

February 23, 2022
1 minute Read
kpac lalitha d

മലയാള സിനിമയില്‍ എന്നും സ്വയം അടയാളപ്പെടുത്തിയ നടിയാണ് കെപിഎസി ലളിത. പ്രതിസന്ധികള്‍ക്കിടയിലും അവര്‍ നിരന്തരം പോരാടി. ജീവിതം നട്ടുനനച്ചു. പ്രിയപ്പെട്ടവര്‍ക്ക് അമ്മയായും ചേച്ചിയായും കൂട്ടുകാരിയായും മാറിയ നടി. കെപിഎസി ലളിത വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നത് കാലം കുറേ അപ്പുറത്തേക്കുള്ള ഓര്‍മകള്‍ ബാക്കിവച്ചാണ്.

550ലേറെ ചിത്രങ്ങള്‍..അനന്യമായ പകര്‍ന്നാട്ടങ്ങള്‍…കലിതുള്ളിയെത്തുന്ന അമ്മയായും കരുണയുള്ള സഹോദരിയായും കുശുമ്പെടുക്കുന്ന അമ്മായിമ്മയായും കെപിഎസി ലളിത അഭ്രപാളികളില്‍ നിറഞ്ഞാടി. പകരം വയ്ക്കാനാകാത്തത് എന്ന വിശേഷണത്തെ ആദരവോടെ നാം ചേര്‍ത്തുവച്ച കെപിഎസി എന്ന നാമവും ഇനി നിറമുള്ള ഓര്‍മയാണ്. ‘ഞാന്‍, മഹേശ്വരി. മഹേശ്വരിയെ നിങ്ങള്‍ക്കറിയില്ല. പക്ഷേ എന്നെ നിങ്ങള്‍ക്കറിയാം…’കഥ തുടരുമെന്ന പേരിലെഴുതിയ ആത്മകഥ കെപിഎസി ലളിത തുടങ്ങിവയ്ക്കുന്നത് അങ്ങനെയാണ്.ചെറുകാട് പുരസ്‌കാരവും ആത്മകഥയ്ക്ക് ലഭിച്ചിട്ടുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, മല്ലികാ സുകുമാരന്‍, ഇടവേള ബാബു, സുരേഷ് കുമാര്‍, കുഞ്ചന്‍, ദിലീപ്, കാവ്യാ മാധവന്‍, ജനാര്‍ദ്ദനന്‍, ടിനി ടോം, മഞ്ജു പിള്ള. തുടങ്ങിയവരുള്‍പ്പെടെ മലയാള സിനിമാ ലോകം തന്നെ തങ്ങളുടെ പ്രിയപ്പെട്ട ലളിത ചേച്ചിയെ അവസാനമായി ഒരു നോക്കുകാണാനെത്തി. പൊട്ടിക്കരഞ്ഞാണ് മല്ലികാ സുകുമാരന്‍ കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്. കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് നടന്‍ മോഹന്‍ലാല്‍ ട്വന്റിപോറിനോട് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത ലോകത്തോട് വിട പറഞ്ഞത്. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും.

Read Also : കുടുംബത്തെക്കാളും ഞാന്‍ സ്‌നേഹിച്ചത് എന്റെ ചേച്ചിയെ; കെപിഎസി ലളിതയെ കുറിച്ച് വിലാസിനി

അഞ്ചുപതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ വിയോഗം. മലയാളത്തിലും തമിഴിലുമായി 550ഓളം സിനിമകളിലാണ് ലളിത അഭിനയിച്ചത്. മഹേശ്വരിയമ്മ എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാര്‍ത്ഥ പേര്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമായത്. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അടുത്ത കാലം വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

Story Highlights: kpac lalitha, mallika sukumaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top