Advertisement

മുഖമില്ലാതെ പ്രണയിച്ച നാരായണി; മതിലുകൾക്കപ്പുറത്തെ കെപിഎസി ലളിത

February 23, 2022
3 minutes Read
kpac lalitha mathilukal memory

‘നീ ആ പൂവ് എന്ത് ചെയ്തു ? (kpac lalitha mathilukal memory)
ഏത് പൂവ്?
ഞാൻ തന്ന രക്തനക്ഷത്രം പോലെ കടും ചുവപ്പ് നിറമാർന്ന ആ പൂവ്.
ഓ അതോ?
ആ അതുതന്നെ.
തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?
ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ.
അങ്ങനെ ചെയ്തെങ്കിലെന്ത്?
ഓ, ഒന്നുമില്ല. അതെന്റെ ഹൃദയമായിരുന്നു.’

-മതിലുകൾ (വൈക്കം മുഹമ്മദ് ബഷീർ)

മതിലിനപ്പുറത്തുനിന്നുയരുന്ന ശബ്ദത്തിലൂടെ മാത്രം നമുക്കും ബഷീറിനും പരിചിതയായ നാരായണി. ആ ശബ്ദത്തിലെ പ്രണയം പ്രേക്ഷകർക്കും ബഷീറിനും ഹൃദയത്തിലേക്കുള്ള മഴച്ചാറ്റലായി. രാഷ്ട്രീയ തടവുകാരനായിരുന്നു ബഷീർ. എഴുത്തുകാരനായതുകൊണ്ട് തന്നെ ബഷീറിന് ജയിലിൽ വിഐപി പരിഗണനയായിരുന്നു. ജയിലറും വാർഡനുമൊക്കെ സുഹൃത്തുക്കൾ. മതിലിനപ്പുറം വനിതാ ജയിൽ. ഇങ്ങനെ തടവുജീവിതം ആസ്വദിച്ചുവരവെ ഒരു സന്തോഷവാർത്ത ബഷീറിനെ തേടിയെത്തുന്നു. രാഷ്ടീയ തടവുകാർക്ക് മാപ്പ് നൽകിയതിനാൽ അദ്ദേഹത്തിന് ഉടൻ ജയിലിൽ നിന്ന് പുറത്തുപോകാം. സ്വാതന്ത്ര്യത്തിൻ്റെ രസം ബഷീറിൽ ഓടിയെത്തുന്നു. എന്നാൽ, തൻ്റെ പേര് പട്ടികയിൽ കാണാനില്ലാത്തതിനാൽ ഇപ്പോൾ പുറത്തുപോകാനാവില്ലെന്ന് ബഷീർ അറിയുന്നു. സ്വാതന്ത്ര്യത്തിൻ്റെ രസം ബഷീറിൽ നിന്ന് അകലുന്നു. അങ്ങനെയിരിക്കെ മതിലിനരികെ നിന്ന് ചൂളമടിക്കുന്ന ബഷീറിലേക്ക് ഒരു പെൺശബ്ദം വന്നുവീഴുന്നു.
“ആരാ അവിടെ ചൂളമടിക്കുന്നത്?”
അത്ഭുതത്തിൽ, ആവേശത്തിൽ, ആഹ്ലാദത്തിൽ, പ്രണയത്തിൽ ബഷീർ പറന്നുയരുന്നു.
“ഞാനാ”- ആവേശത്തോടെ മറുപടി.
“പേരെന്താ?”-പെൺശബ്ദം വീണ്ടും.
“ബഷീർ. എളിയ തോതിൽ ഒരു എഴുത്തുകാരനാണ്. രണ്ടരക്കൊല്ലത്തെ തടവ്. ഇപ്പോ ഞാനിവിടെ തനിച്ചാ. കൂട്ടുകാരെല്ലാം പോയി. പേര് പറഞ്ഞില്ലല്ലോ.”
“നാരായണി.”
“സുന്ദരമായ പേര്. വയസ്സ്?”
“22”
“സുന്ദരമായ വയസ്സ്.”
ബഷീറിൻ്റെ ജയിൽ ദിനങ്ങൾ വീണ്ടും പുഷ്പിക്കുകയാണ്. മതിലിനപ്പുറവും ഇപ്പുറവും നിന്ന് അവർ പ്രണയിച്ചു.
“എനിക്കൊരു റോസാ ചെടി തരുമോ?” എന്ന് നാരായണി.
“ഈ ഭുവനത്തിലുള്ള എല്ലാ പനിനീർ ചെടികളും ഞാൻ നാരായണിക്ക് തരും” എന്നാണ് ബഷീർ അതിനു മറുപടി പറയുന്നത്.
മതിനപ്പുറവും ഇപ്പുറവും നിന്ന് അവർ പ്രണയിച്ചു. അവർ പ്രപഞ്ചത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും പറഞ്ഞ് പ്രണയിച്ചു.
“ഞാൻ ചുംബിക്കുകയായിരുന്നു”
“മതിലിലോ?”- നാരായണിക്ക് ചിരി.
“അല്ല.”
“പിന്നെ?”
“ഓരോ പൂവിലും. ഓരോ മൊട്ടിലും. ഓരോ ഇലയിലും.”
“ദൈവമേ, എനിക്ക് കരച്ചിൽ വരുന്നു.”
ഉണങ്ങിയ കമ്പ് മുകളിലേക്കിട്ട് നാരായണി ബഷീറിനെ വിളിച്ചു. ബഷീർ അത് നോക്കിയിരുന്നു.
“ഞാൻ ഈ മതിലിൽ തടവുന്നുണ്ട്. ചുംബിക്കുന്നുണ്ട്”- ബഷീർ
“ഞാൻ മതിലിൽ നെഞ്ച് അമർത്തി അമർത്തി ചുംബിക്കുന്നുണ്ട്.”- നാരായണി.
പ്രണയം അതിതീവ്രമായി മതിലിൽ വിരിഞ്ഞു. ബഷീർ ‘നാരായണീ’ എന്ന് വിളിക്കുമ്പോൾ അവൾ ‘എന്തോ’ എന്ന് വിളികേട്ടു. അവർ പരസ്പരം കായ വറുത്തതും മീൻ വറുത്തതും മൊട്ട വറുത്തതും എറിഞ്ഞുനൽകി. എന്നെ മാത്രം സ്നേഹിക്കണമെന്ന് ഓർമപ്പെടുത്തി. രാത്രി കിടന്ന് ഓർത്തുകരഞ്ഞു. ആശുപത്രിയിൽ പോകുമ്പോൾ കാണാമെന്ന് അവർ കണക്കുകൂട്ടി.
“എന്നെ കണ്ടാൽ എങ്ങനെ അറിയും?”- നാരായണിയുടെ ചോദ്യം.
“മുഖം കാണുമ്പോൾ അറിയും.”
“എൻ്റെ വലതുകവിളിൽ ഒരു കറുത്ത മറുകുണ്ട്. അത് നോക്കുമോ?”
അങ്ങനെ പരസ്പരം കാണുന്ന ദിവസത്തിനായി അവർ കാത്തിരുന്നു. ദിവസം തീരുമാനിച്ചു. കയ്യിൽ ചുവന്ന റോസാപൂവുമായി താൻ ആശുപത്രിയിലെത്തുമെന്ന് ബഷീർ വാക്കുപറഞ്ഞു. എന്നാൽ അതിനു മുൻപ് ബഷീർ ജയിൽ മോചിതനാവുന്നു. “വൈ ഷുഡ് ഐ ബി ഫ്രീ?” എന്ന് കണ്ണുനിറഞ്ഞ് ബഷീർ ജയിലറോട് ചോദിക്കുന്നു. സ്വതന്ത്രലോകത്തെപ്പറ്റി പറയുന്ന ജയിലറോട് തർക്കിച്ച് ബഷീർ പുറത്തേക്കിറങ്ങുന്നു. മതിലിനപ്പുറം ഒരു ഉണങ്ങിയ കമ്പ് ഉയർന്നുതാഴുന്നു.

“ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ?”
“പ്രിയപ്പെട്ട നാരായണീ, മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല. ആര് എപ്പോൾ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ. ഞാനായിരിക്കും ആദ്യം മരിക്കുന്നത്.”
“അല്ല, ഞാനായിരിക്കും. എന്നെ ഓർക്കുമോ?”
“ഓർക്കും.”
ഓർക്കും. മലയാള സിനിമയുള്ളിടത്തോളം കെപിഎസി ലളിത ഓർമിക്കപ്പെടും.

Story Highlights: kpac lalitha mathilukal memory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top