തൃക്കാക്കരയിലെ മര്‍ദനമേറ്റ രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തൃക്കാക്കരയില്‍ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുഞ്ഞിന്റെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തി. അടുത്ത 48 മണിക്കൂര്‍ കുഞ്ഞ് നിരീക്ഷണത്തിലായിരിക്കും.
ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലെത്തി ചികിത്സയിലുള്ള കുട്ടിയെ ഇന്ന് സന്ദര്‍ശിക്കും. കുഞ്ഞിന് മര്‍ദനമേറ്റ സംഭവത്തില്‍ അമ്മയുടെ സഹോദരിയുടെ പങ്കാളിയായ ആന്റണി ടിജിന്‍ ഇന്ന് പൊലീസിന് മുന്‍പില്‍ ഹാജരായേക്കും. കഴിഞ്ഞദിവസം തൃക്കാക്കര സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആന്റണി ടിജിന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം കുഞ്ഞിന്റെ ശരീരത്തില്‍ ‘ചീത്ത കയറി’യതായി സംശയം തോന്നിയെന്നാണ് അമ്മയുടെ വാദം. കുഞ്ഞിന് അസ്വാഭാവിക പെരുമാറ്റം തുടങ്ങിയത് മൂന്ന് മാസം മുന്‍പാണ്. രണ്ടു മാസം പഴക്കമുള്ള മുറിവ് കുഞ്ഞിനുള്ളതായി അറിയില്ലെന്നും അമ്മ പറഞ്ഞു. സംഭവത്തില്‍ തന്റെ പേരിലുള്ള ആരോപണങ്ങള്‍ തള്ളി കുട്ടിയുടെ പിതാവും രംഗത്തെത്തി. കുട്ടിയുടെ മാതൃസഹോദരിയുടെ ആരോപണങ്ങള്‍ പോലെ താന്‍ ആരുടെയും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഭാര്യയുടെ സഹോദരിയും അവരുടെ പങ്കാളി ആന്റണി ടിജിനും ചേര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. തന്റെ കുഞ്ഞിനെ വിട്ടുകിട്ടാന്‍ നിയമനടപടി സ്വീകരിക്കുമെന്നും പിതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
Read Also : ടോള്‍ ഫ്രീ നമ്പറിലൂടെ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
സ്വത്ത് തട്ടിയെടുക്കാനാണ് കുട്ടിയുടെ അച്ഛന്റെ ശ്രമമെന്ന് ആരോപിച്ച് കുഞ്ഞിന്റെ മാതൃസഹോദരി രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ഏഴുമാസത്തോളമായി ഇയാള്‍ തങ്ങളെ പീഡിപ്പിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ നേരത്തെ വ്യാജ കേസുകളുണ്ടാക്കാനും ശ്രമം നടത്തിയിരുന്നു. കേസില്‍ ആന്റണി ടിജിന്‍ നിരപരാധിയാണെന്നും യുവതി പ്രതികരിച്ചു.
Story Highlights: child assault case. thrikkakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here